പെപ്സികോ എന്ന കമ്പനിയുടെ കീഴിൽ Pepsi, Tropicana, Mountain Dew, 7Up, Lipton Ice Tea, Aquafina, Gatorade തുങ്ങിയ പാനിയങ്ങൾക്കായി കുപ്പികൾ നിർമിച്ച് നൽകുന്ന കമ്പനിയാണ് വരുൺ ബിവറേജസ് ലിമിറ്റഡ്. കൊവിഡ് രണ്ടാം തരംഗത്തിനിടയിലും രണ്ടാം പാദത്തിൽ കമ്പനി മികച്ച ഫലങ്ങളാണ് കാഴ്ചവച്ചത്. കമ്പനിയുടെ ബിസിനസ് മോഡലും രണ്ടാം പാദഫലവുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്.
Varun Beverages Limited (VBL)
1995 ൽ പ്രവർത്തനം ആംഭിച്ച വരുൺ ബിവറേജസ് (VBL) അമേരിക്കയ്ക്ക് പുറത്ത് പെപ്സികോയ്ക്കായി ഏറ്റവും കൂടുതൽ ബോട്ടിലുകൾ നിർമിച്ച് നൽകുന്ന കമ്പനിയാണ്. 2019 വരെ ബോട്ടിലിംഗിനും വിതരണത്തിനുമായി ഇരു കമ്പനികളും തമ്മിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ബോട്ടിൽ നിർമാണ ബിസിനസ് പൂർണമായും വി.ബി.എല്ലിനെ ഏൽപ്പിച്ചു. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, സാമമ്പിയ, സിംബാബ്വെ, മൊറോക്കോ എന്നീ രാജ്യങ്ങളിലും വരുൺ ബിവറേജസ് പ്രവർത്തിക്കുന്നു. 90ൽ ഏറെ ഡിപ്പോകൾ, 2500 ലേറെ വാഹനങ്ങൾ, നേപ്പാളിലും ശ്രീലങ്കയിലും ഉൾപ്പെടെ രാജ്യത്ത് 1500ന് മുകളിൽ പ്രാഥമിക വിതരണക്കാർ എന്നിങ്ങനെയാണ് വി.ബി.എല്ലിന്റെ വിതരണ ശൃംഖല.
ഇന്ത്യയിൽ ശീതള പാനീയങ്ങളുടെ ഉപയോഗം ആളിന് ശരാശരി 44 കുപ്പി വീതമാണ്. അതേസമയം യുഎസ് പോലെയുള്ള രാജ്യങ്ങളിൽ ശരാശരി ഉപയോഗം ആളിന് 1496 കുപ്പികൾ വീതമാണ്. 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയിൽ ശതളപാനീയം വിൽക്കുന്നതിനായി ഉയർന്ന സാധ്യതകളാണ് ഉള്ളത്. വി.ബി.എൽ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് കടന്ന് കയറി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ്, ജ്യൂസ്, വെള്ളം എന്നിവയാണ് കമ്പനിയുടെ ഉത്പന്നങ്ങൾ.
ജൂൺ പാദത്തിലെ ഉത്പന്നങ്ങളുടെ വിൽപ്പന വോള്യമാണ് താഴെ കൊടുത്തിട്ടുള്ളത്.
Segment | % of Revenue |
Carbonated Soft Drinks (CSD) | 78% |
Non-carbonated Beverages | 7% |
Packaged Drinking Water | 15% |
രണ്ടാം പാദഫലം
. | Jun-2021 | Mar-2021 | QoQ% | Jun-2020 | YoY% |
Revenue | 2,507.5 | 2,246.6 | 11.61% | 1,642.8 | 52.63% |
Net Profit | 308.2 | 129.3 | 138.42% | 140.8 | 118.9% |
- രണ്ടാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 2507 കോടി രൂപയായി രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് 11.61 ശതമാനവും പ്രതിവർഷം 52.63 ശതമാനത്തിന്റെ വളർച്ചയുമാണ് കമ്പനി കെെവരിച്ചിരുന്നത്.
- കമ്പനിയുടെ പ്രതിവർഷ അറ്റാദായം 118.9 ശതമാനം വർദ്ധിച്ച് 308.2 കോടി രൂപയായി രേഖപ്പെടുത്തി.
- കമ്പനിയുടെ മൊത്തം പ്രതിവർഷ ചെലവ് 40.4 ശതമാനം വർദ്ധിച്ച് 2087.79 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 1486.49 കോടി രൂപയായിരുന്നു.
- 2021 സാമ്പത്തിക വർഷം ഓഹരി ഒന്നിന് 2.50 രൂപ വീതം കമ്പനി ഇടക്കാലലാഭ വിഹിതം അനുവദിച്ചിരുന്നു.
മുന്നിലേക്ക് എങ്ങനെ?
വായ്പ തിരിച്ചടച്ചതും വായ്പയുടെ കുറഞ്ഞ ശരാശരി ചെലവ് കുറഞ്ഞതും ജൂൺ പാദത്തിൽ കമ്പനിയുടെ സാമ്പത്തിക ചെലവ് കുറച്ചു. 2020 മാർച്ച് 31 മുതൽ 2021 മാർച്ച് 31 വരെ കമ്പനിക്ക് 600 കോടിയിലധികം രൂപയുടെ കടം തിരിച്ചടയ്ക്കാൻ സാധിച്ചു.
വടക്ക്, കിഴക്കൻ മേഖലകൾക്ക് പുറമെ തെക്ക്, പടിഞ്ഞാറൻ മേഖലകളുടെ സ്വാധീനവും 2019ൽ കമ്പനി ഏറ്റെടുത്തിരുന്നു. എന്നാൽ ലോകം കൊവിഡ് പ്രതിസന്ധിയിലായ സമയത്ത് കമ്പനിക്ക് പുതിയ ഏറ്റെടുക്കലുകൾ നടത്താൻ സാധിച്ചില്ല.
കൊവിഡിന്റെ രണ്ടാം തരംഗം കമ്പനിയുടെ വിൽപ്പന വോള്യത്തെ സാരമായി ബാധിച്ചു. എന്നാൽ ഒന്നാം തരംഗത്തെ അപേക്ഷിച്ച് വിതരണ ശൃംഖലയിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. ജൂണിൽ ലോക്ക്ഡൗൺ ലഘൂകരിച്ചതിന് പിന്നാലെ വിൽപ്പന വർദ്ധിച്ചതായും കാണാം.
ഈ ഘടകങ്ങൾ അടുത്ത പാദത്തിൽ കമ്പനിക്ക് കൂടുതൽ നേട്ടം ഉണ്ടാക്കി നൽകിയേക്കാം.
- കൊവിഡ് വ്യാപനം കുറഞ്ഞാൽ കമ്പനിയുടെ വിൽപ്പന വർദ്ധിച്ചേക്കും.
- ഗ്രാമീണ പ്രദേശങ്ങളിൽ ബിസിനസ് വളരുന്നു.
- തെക്ക് പടിഞ്ഞാറൻ മേഖലകളിൽ വിൽപ്പന വോള്യം വർദ്ധിച്ചത്.
- അന്താരാഷ്ട്ര വിപണിയിൽ വോള്യം വർദ്ധിച്ചുവരുന്നു.
രണ്ടാം പാദഫലം വന്നതിന് പിന്നാലെ വിബിഎൽ കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം നേട്ടത്തിൽ അടച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനി 64 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. നിങ്ങൾ വിബിഎല്ലിൽ നിക്ഷേപം നടത്തിയിട്ടുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.