ഒക്ടോബർ എട്ടിനാണ് ടാറ്റാ സൺസ് എയർ ഇന്ത്യ ലേലത്തിൽ സ്വന്തമാക്കിയതായി ഡിപാർട്ട്മെന്റ് ഓഫ് ഇൻവസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ സെക്രട്ടറി പുഹിൻ കെന്റ് പാണ്ഡെ പ്രഖ്യാപിച്ചത്. ഈ വാർത്ത എവിയേഷൻ മേഖലയിൽ ഏറെ ആകാംക്ഷ ഉയർത്തി. 68 വർഷങ്ങൾക്ക് ശേഷമാണ് എയർലെെൻ ടാറ്റാ ഗ്രൂപ്പ് തിരികെ പിടിക്കുന്നത്. എയർ ഇന്ത്യയുടെ ഏറ്റെടുക്കലും അതുമായി ബന്ധപ്പെട്ട വിശേഷങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

എയർ ഇന്ത്യ

ഇന്ത്യയിലെ ആദ്യത്തെ സിവിൽ ഏവിയേഷൻ പൈലറ്റായ ജഹാംഗീർ രതൻജി ദാദാഭോയ്  ടാറ്റാ 1930 ഏപ്രിലിൽ ടാറ്റാ എയർലൈൻസ് എന്ന പേരിൽ രാജ്യത്തെ ആദ്യ ആഭ്യന്തര എയർലൈൻ സ്ഥാപിച്ചു. സ്വതന്ത്ര്യത്തിന് മുമ്പായി വിവിധ രാജ്യങ്ങളിലെ രാജാക്കന്മാർ ടാറ്റയുടെ വിമാന സർവീസ് ഉപയോഗിച്ച് യാത്ര നടത്തിയിരുന്നു.

സ്വാതന്ത്ര്യം ലഭിച്ച ശേഷം ടാറ്റാ ഗ്രൂപ്പ് ഒരു പുതിയ വിദേശ എയർ സർവീസായ ‘എയർ ഇന്ത്യ ഇന്റർനാഷണൽ’ ആരംഭിക്കാൻ തീരുമാനിച്ചു. ഇതോടെ കിഴക്ക് പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ ഏഷ്യൻ എയർലൈൻ ആയി ഈ സ്ഥാപനം മാറി. 1953ലെ ദേശസാൽക്കരണത്തെ തുടർന്ന് ടാറ്റാ എയർലൈനുകളും മറ്റ് ഒമ്പത് ആഭ്യന്തര വിമാനക്കമ്പനികളും ലയിച്ച്  ഇന്ത്യൻ എയർലൈൻസ് ആയി മാറി. ഇതിനൊപ്പം തന്നെ എയർ ഇന്ത്യ ഇന്റർനാഷണൽ സർക്കാർ ഏറ്റെടുക്കുകയും ഇതിനെ എയർ ഇന്ത്യയിൽ ലയിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തെ ജെആർഡി ടാറ്റയും എയർലൈൻ വ്യവസായത്തിലെ മറ്റ് പ്രമുഖരും എതിർത്തു. ഇതിന് പിന്നാലെ ജെആർഡിയെ എയർ ഇന്ത്യയുടെ ചെയർമാനായും ഇന്ത്യൻ എയർലൈൻസ് ഡയറക്ടർമാരിൽ ഒരാളായും നിയമിച്ചു. ജെഡിആറിന്റെ നേതൃത്വത്തിൽ പുതിയ സ്ഥാപനം അടുത്ത 25 വർഷത്തേക്ക് അതിന്റെ മുന്നേറ്റം തുടർന്നു.

ഉദാരവൽക്കരണവും ചെലവുകുറഞ്ഞ സ്വകാര്യ വിമാന സർവീസ് എന്നിവ വന്നതോടെ  എയർ ഇന്ത്യയുടെ കാലിടറാൻ തുടങ്ങി.വിമാനക്കമ്പനിയെ സ്വകാര്യവൽക്കരിച്ചു കൊണ്ട് ലാഭത്തിലാക്കാൻ വിവിധ സർക്കാരുകൾ ശ്രമം നടത്തി. വിവിധ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഇത് നടന്നില്ല.  ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യൻ എയർലൈൻസ് എയർ ഇന്ത്യയുമായി 2007ൽ സർക്കാർ  ലയിപ്പിച്ചു. ഇതോടെ കമ്പനി കൂടുതൽ സമ്മർദ്ദത്തിൽ ആകുകയും വളരെ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ 2018ൽ  കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. എങ്കിലും ലേലത്തിൽ പങ്കെടുക്കാൻ അന്ന് ആരും തയ്യാറായില്ല. വീണ്ടും ഈ ശ്രമം തുടർന്നതോടെയാണ് ഒക്ടോബർ 8ന് ടാറ്റാ ഗ്രൂപ്പ് ലേലത്തിൽ എയർ ഇന്ത്യയെ സ്വന്തമാക്കിയത്. 

ഇടപാട് ഇങ്ങനെ

ടാറ്റാ സൺസിന്റെ അനുബന്ധ സ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികൾക്കും എയർ ഇന്ത്യ എക്സ്പ്രസിനുമായി 18,000 കോടി നൽകും. എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് കമ്പനിയുടെ 50 ശതമാനം ഓഹരികളും കമ്പനി സ്വന്തമാക്കും.

നിലവിൽ എയർ ഇന്ത്യയ്ക്ക് 61,562 കോടി രൂപയുടെ കടബാധ്യതയുണ്ട്.  ഇതിൽ 46,262 കോടി രൂപ എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് ലിമിറ്റഡ് കെെകാര്യം ചെയ്യും. കടം കെെകാര്യം ചെയ്യുന്നതിനായി സൃഷ്ടിച്ച ഒരു പ്രത്യേക സ്ഥാപനമാണിത്. 15,000 കോടി രൂപ തലേസ് അടയ്ക്കും. ഇടപാടിന് ശേഷം 2700 കോടി രൂപ പണമായി സർക്കാരിന്റെ പേരിൽ തന്നെ അവശേഷിക്കും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ എയർ ഇന്ത്യ മൊത്തം 20,000 കോടി രൂപയുടെ കടബാധ്യത വരുത്തിവച്ചിട്ടുണ്ട്. ഇതിന് പുറമെ 2009 മുതൽ എയർലൈൻ പ്രവർത്തനക്ഷമമാക്കുന്നതിനായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്രം  നിക്ഷേപിച്ചത്. 

വിസ്താരയുടെയും എയർ ഏഷ്യ ഇന്ത്യയുടെയും ഉത്ഭവം

ടാറ്റാ ഗ്രൂപ്പിന്  എയർലൈൻ ബിസിനസ്സിൽ ഏർപ്പെടാൻ നേരത്തെ തന്നെ താത്പര്യം ഉണ്ടായിരുന്നു.  2013 ൽ സിവിൽ ഏവിയേഷൻ മേഖലയിൽ 49 ശതമാനം വരെ വിദേശ നേരിട്ടുള്ള നിക്ഷേപം ഇന്ത്യൻ സർക്കാർ  അനുവദിച്ചിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈനിന്റെയും സംയുക്ത സംരംഭം വീണ്ടും ശ്രദ്ധ പിടിച്ചുപറ്റി. ഇത് വിസ്താര എയർലൈനിന് ജീവൻ നൽകി. ടാറ്റാ സൺസിന് സ്ഥാപനത്തിൽ 51 ശതമാനം ഓഹരി വിഹിതമാണുള്ളത്. ശേഷിക്കുന്ന ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ കെെവശമാണുള്ളത്.

നിലവിൽ, ഇന്ത്യൻ വ്യോമയാന വ്യവസായത്തിൽ വിസ്താരയ്ക്ക് 47 വിമാനങ്ങളും 8.1 ശതമാനം വിപണി വിഹിതവുമാണുള്ളത്. എന്നിരുന്നാലും കമ്പനി ലാഭത്തിലല്ല. 2016 സാമ്പത്തിക വർഷം 400 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്ന വിസ്താരയുടെ നിലവിലെ നഷ്ടം 1,612 കോടി രൂപയാണ്. വ്യവസായത്തിന്റെ ഉയർന്ന മൂലധന ആവശ്യകതകളുടെ ഫലമായി കമ്പനി 2021ൽ 1835 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിച്ചു.

2013-ൽ മലേഷ്യൻ ആഗോള എയർലൈനായ എയർ ഏഷ്യയും ഇന്ത്യയിൽ അനുബന്ധ സ്ഥാപനം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ടാറ്റ സൺസും എയർ ഏഷ്യയും തമ്മിൽ ഒരു സംയുക്ത സംരംഭ ആരംഭിച്ചു. 33 വിമാനങ്ങൾ ഉൾപ്പെടെ  എയർഏഷ്യ ഇന്ത്യയ്ക്ക് നിലവിൽ 6.7 ശതമാനം വിപണി വിഹതമാണുള്ളത്. ഈ എയർലൈനിൽ ടാറ്റ ഗ്രൂപ്പിന് 83.6 ശതമാനം ഓഹരി വിഹിതം ഉണ്ട്. വിസ്താരയെപ്പോലെ, എയർ ഏഷ്യ ഇന്ത്യയും നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനിയാണ്. 2021 സാമ്പത്തിക വർഷം കമ്പനി 1533 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയാണ്. 

എയർലെെൻ മേഖല 

കൊവിഡ്  പ്രതിസന്ധി എയർലൈൻ വ്യവസായത്തെ ബാധിക്കുന്നതിന് മുമ്പ് ഏകദേശം 16 കോടി ഇന്ത്യക്കാർ ഗതാഗത മാർഗ്ഗമായി വിമാനയാത്രയെ ആശ്രയിച്ചിരുന്നു. 92 കോടി സഞ്ചാരികളെ വഹിച്ചുകൊണ്ട് അമേരിക്ക പട്ടികയിൽ ഒന്നാമതും  65 കോടി യാത്രക്കാരുമായി ചൈന രണ്ടാം സ്ഥാനത്തുമായിരുന്നു ഉള്ളത്. ഈ കണക്കുകൾ ഇന്ത്യയിലെ എയർലൈനുകളുടെ സാധ്യത ഏറെയാണെന്ന സൂചന നൽകുന്നു.

ഇന്ത്യയിൽ ഇൻഡിഗോ എയർലൈൻസ് 58 ശതമാനത്തിൽ കൂടുതൽ വിഹിതവുമായി പട്ടികയിൽ ഒന്നാമതാണ്. അതേസമയം ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള 3 കമ്പനികളുടെ മൊത്തം വിപണി വിഹിതം 25 ശതമാനം മാത്രമാണ്. 

വിസ്താര, എയർ ഏഷ്യ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഡിഗോയുടെ വലുപ്പവും വ്യാപ്തിയും നമുക്ക് കാണാൻ കഴിയും. കടബാധ്യത കെെകാര്യം ചെയ്യുന്നതിനായി കമ്പനി അനേകം ധനസമ്പാദനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഫ്ലീറ്റ് ശേഷി എന്നത് 172 മാത്രമാണ്.

നിഗമനം

പരിചയസമ്പന്നരായ മാനേജ്മെന്റിന്റെ വരവ് സമ്മർദ്ദത്തിലായ എയർലൈൻ കമ്പനിയെ കെെപിടിച്ച് ഉയർത്തിയേക്കും. ടാറ്റാ ഗ്രൂപ്പിന്റെ അന്തർദേശീയ എയർ കാരിയറുകളെ കൈകാര്യം ചെയ്യുന്നതിലും സഹകരിക്കുന്നതിലും ഉള്ള വൈദഗ്ദ്ധ്യം പുതിയ സ്ഥാപനത്തെ അതിന്റെ പാത കണ്ടെത്താൻ സഹായിക്കും. എല്ലാം ഒരുമിപ്പിച്ചില്ലെങ്കിൽ മൂന്നാം എയർലൈൻ നടത്തുന്നതിൽ തങ്ങൾക്ക് താത്പര്യം ഇല്ലെന്ന് 2019ൽ  ടാറ്റാ സൺസിന്റെ ചെയർമാനായ എൻ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. മൂന്ന് സ്ഥാപനങ്ങളുടെ ലയനം നടന്നേക്കുമെന്ന് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

നിലവിലുള്ള ഈ എയർലെെനുകൾ ഒന്നും തന്നെ ലാഭത്തിൽ അല്ലെന്നത് ഓർക്കുക. വർദ്ധിച്ചുവരുന്ന മത്സരം, ഉയർന്ന മൂലധന ആവശ്യകതകൾ, കൊവിഡ് പ്രതിസന്ധി എന്നിവ ഏവിയേഷൻ മേഖലയിലെ ആശങ്ക ഉയർത്തുന്നു. ഇന്ത്യയിലെ വിമാനയാത്രയുടെ ഭാവി സാധ്യതകളും, ദീർഘദൂര യാത്രകൾക്കുള്ള താരതമ്യേന വിലകുറഞ്ഞ ഗതാഗത മാർഗ്ഗവും എയർലൈൻ ബിസിനസിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement