സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് ശ്രീലങ്ക; അവസരം മുതലാക്കാൻ ഒരുങ്ങി ചെെന, തടയിടാൻ ഇന്ത്യ?

Home
editorial
sri-lankas-economic-crisis-and-its-vows-with-china
undefined

നിലവിൽ ശ്രീലങ്കയിലെ സാമ്പത്തിക സ്ഥിതി ഗുരുതരമായി കൊണ്ടിരിക്കുകയാണ്. അവരുടെ കടം ഓരോ വർഷവും കൂടി വരികയും വിദേശ കരുതൽ ശേഖരം കുറയുകയും ചെയ്യുന്നു.  ഭക്ഷ്യ പ്രതിസന്ധി ഉൾപ്പെടെ നേരിട്ട് വരികയാണ് ശ്രീലങ്ക ഇപ്പോൾ. ഈ പ്രതിസന്ധി കണക്കിലെടുത്ത് ഇന്ത്യ-ചെെന എന്നീ രണ്ട് വൻ ശക്തികളും തന്ത്രപരമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയെ പറ്റിയും അവയിലേക്ക് നയിച്ച കാരണങ്ങളെ പറ്റിയും ഇത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

നിലവിലെ സാഹചര്യം

സരളമായി പറഞ്ഞാൽ ശ്രീലങ്ക മറ്റു രാജ്യങ്ങളിൽ നിന്നെല്ലാം തന്നെ ധാരാളം കടം വാങ്ങി കൂട്ടിയിട്ടുണ്ട്. 2011 മുതൽ 2021 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ കടം ഇരട്ടിയിലധികമാണ് വർദ്ധിച്ചത്.  2020 സാമ്പത്തിക വർഷത്തിൽ ശ്രീലങ്കയുടെ മൊത്തം കടം 49.2 ബില്യൺ ഡോളറായിരുന്നു. ഇത് രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 57 ശതമാനത്തിന് അടുത്ത് വരും. കടത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ശ്രീലങ്ക ഇതുവരെ തിരിച്ചടച്ചിട്ടുള്ളത്. ഇതോടെ അവരുടെ വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു.

ശ്രീലങ്ക പോലുള്ള വികസ്വര രാജ്യത്തിന് ഒരു ഫോറെക്സ് റിസർവ് മൂന്ന് തരത്തിൽ സഹായകരമാകും.

  • വിദേശ വിപണിയിലെ പണനയത്തിലും വിനിമയ നിരക്കിലും ശ്രീലങ്കൻ റുപ്പിയ്ക്ക് പിന്തുണ നിലനിർത്തുന്നതിന്  ഇത് സഹായിക്കും. 
  • മറ്റ് രാജ്യങ്ങളിൽ നിന്ന് എടുത്ത കടം തിരിച്ചടയ്ക്കാൻ സഹായിക്കും.
  • സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി രാജ്യത്തിന് ശക്തമായ ബെെയിംഗ് പവർ ഉണ്ടാകുന്നതിനായി സഹായിക്കും.

1991ൽ ഇന്ത്യയും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. രാജ്യത്തിന്റെ എല്ലാം വിദേശ കരുതൽ ശേഖരവും കുറഞ്ഞു. ഇതേതുടർന്നാണ് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉദാരവൽക്കരിക്കാനും സ്വകാര്യവൽക്കരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ശ്രീലങ്ക ഇപ്പോൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നു. അവശ്യ സാധനങ്ങളുടെ ഇറക്കുമതി നിരോധിച്ചു. മോട്ടോർ വാഹനങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ശ്രീലങ്കയിലെ പ്രധാന ഇനം മഞ്ഞൾ എന്നിവ ഇതിൽ ഉൾപ്പെടും. ശ്രീലങ്ക എല്ലാ വർഷവും 7,000 ടൺ മഞ്ഞൾ ഇറക്കുമതി ചെയ്തിരുന്നു. അതിൽ 5,000 ടൺ മഞ്ഞളും  ഇന്ത്യയിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഇത് നിർത്തിവച്ചതോടെ ശ്രീലങ്കയിൽ മഞ്ഞളിന്റെ വില വർദ്ധിക്കുകയും അത് മറ്റു പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തു. കൊവിഡ് മൂലം ടൂറിസ്റ്റുകൾ വരാത്തതും രാജ്യത്തിന് തിരിച്ചടിയായി.

ശ്രീലങ്ക രാസവളങ്ങളുടെ ഇറക്കുമതിയും നിരോധിച്ചു. വളം നിരോധനം കർഷകരുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കുകയും വിള ഉത്പാദനം കുറയുകയും ചെയ്തു. ഇത് രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ  വില കുതിച്ചുയരാൻ കാരണമായി. ഈ കൊവിഡ് സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുക, ഫോറെക്സ് കരുതൽ വർദ്ധിപ്പിക്കുക, നിലവിലെ കടങ്ങൾ കുറയ്ക്കുക എന്നിവ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ശ്രീലങ്കയുടെ നിലവിലെ അവസ്ഥമനസിലാക്കിയ ഇന്ത്യയും ചെെനയും തമ്മിൽ തന്ത്രപരമായ വടംവലി നടക്കുകയാണ്.

ചെെനയുടെ നീക്കം

ഡെറ്റ്-ട്രാപ്പ് ഡിപ്ലോമസി എന്ന തന്ത്രം ഉപയോഗിച്ചു കൊണ്ട് ചൈന തങ്ങളുടെ നീക്കം ആരംഭിച്ചു കഴിഞ്ഞു. വിഭവങ്ങളും അസംസ്കൃത വസ്തുക്കളും കൊണ്ട് സമ്പന്നമായ എന്നാൽ മോശം സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളെ ചെെന ലക്ഷ്യംവയ്ക്കും. ചൈനീസ് കമ്പനികൾ, ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ വാണിജ്യ പലിശ നിരക്കിൽ ഈ രാജ്യങ്ങൾക്ക് സുസ്ഥിരമല്ലാത്ത പദ്ധതികൾക്കായി പണം നൽകും. ഫോറെക്സ് കരുതൽ നിലനിർത്താമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഇത്തരം രാജ്യങ്ങൾ ഈ കരാർ സ്വീകരിക്കും. എന്നാൽ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ, ഈ രാജ്യങ്ങൾ അവരുടെ അവശ്യവസ്തുക്കൾ ചൈനയ്ക്ക് പാട്ടത്തിന് നൽകാൻ നിർബന്ധിതരാകും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീലങ്കയുടെ  ഹംബന്തോട്ട് തുറമുഖം.

ദക്ഷിണ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം വികസിപ്പിക്കാൻ ശ്രീലങ്ക ഉദ്ദേശിച്ചിരുന്നു. പദ്ധതിക്ക് പണം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ഒരേയൊരു രാജ്യം ചെെനയായിരുന്നു. 2007-2016 കാലയളവിൽ എക്സിം ബാങ്ക് ഓഫ് ചൈന ശ്രീലങ്കയ്ക്ക് വായ്പകൾ നൽകി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ബാങ്ക് ശ്രീലങ്കയ്ക്ക് 6.7 ശതമാനം പലിശ നിരക്കിൽ 307 മില്യൺ ഡോളർ വായ്പ നൽകി. ഇത് വളരെ ഉയർന്ന പലിശ നിരക്കാണ്.

പദ്ധതി പൂർത്തിയാക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു, എന്നാൽ കടൽത്തീരത്തെ ഒരു പാറ കാരണം കപ്പലുകളുടെ വഴി തടസപ്പെടുകയും തുറമുഖത്തേക്ക് കപ്പൽ ഗതാഗതം സാധ്യാമാകുകയും ചെയ്തില്ല. 2016ൽ ഫോറെക്സ് കരുതൽ കുറവായിരുന്നു. ഇതേതുടർന്ന് വായ്പകൾ അടയ്ക്കാൻ കഴിയാതെ വന്ന  ശ്രീലങ്കയ്ക്ക് തുറമുഖം 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് കൊടുക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. 2022 ഓടെ ഇത് ഒരു മൾട്ടിപർപ്പസ് തുറമുഖമാക്കി മാറ്റാൻ ചൈന പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്തിടെ, റേഡിയോ ആക്ടീവ് മെറ്റീരിയലുകളുള്ള ഒരു ചൈനീസ് കപ്പൽ ഹംബന്തോട്ട തുറമുഖത്ത് ശ്രീലങ്കൻ അധികൃതർ തടഞ്ഞിരുന്നു. ചൈന ഇവിടെ സൈനിക താവളമാക്കി മാറ്റാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

ചെെന ഹംബൻതോട്ട തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ഒരു സംയുക്ത സംരംഭം നടത്താനും ഹംബന്തോട്ട വിമാനത്താവളം പ്രവർത്തിപ്പിക്കാനും ഇന്ത്യ ശ്രീലങ്കയുമായി ചർച്ച ആരംഭിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അധികാര തർക്കത്തിന്റെ സൂചകമായിരുന്നു ഇത്.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ചൈന വളരെയധികം നേട്ടങ്ങൾ കെെവരിച്ചു. ശ്രീലങ്കയുടെ ബാഹ്യ കടത്തിന്റെ 10 ശതമാനവും ചൈനയിലാണ്. 2020 സാമ്പത്തിക വർഷത്തിൽ, ശ്രീലങ്കയുടെ ഏറ്റവും വലിയ ഇറക്കുമതി പങ്കാളിയായി ചൈന ഇന്ത്യയെ കടത്തിവെട്ടി. ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ ശ്രീലങ്ക ഒരു ചെറിയ ഭാഗമാണെങ്കിലും അതിന്റെ സ്ഥാനം നിർണായകമാണ്.

ഈയിടെയായി ഇന്ത്യയും ചൈനയും തമ്മിൽ മികച്ച വ്യാപാര ബന്ധങ്ങളില്ല.  തന്ത്രപരമായി പ്രധാനപ്പെട്ട തുറമുഖങ്ങളും എല്ലാ ദിശകളിലുമുള്ള വഴികളും സ്വന്തമാക്കിയ ചൈന ഇപ്പോൾ ഇന്ത്യയെ എല്ലാ ഭാഗത്തുനിന്നുമായി വളഞ്ഞിരിക്കുകയാണ്. ഇത് ചെെനയുടെ നാവികസേനയ്ക്ക്  നേട്ടം നൽകുക മാത്രമല്ല, ചൈനയുടെ ഷിപ്പിംഗ് റൂട്ട് സ്ഥാനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കും. നയതന്ത്രം, സൈനിക പിന്തുണ, വ്യാപാരം എന്നിവയിൽ ശ്രീലങ്ക ഇതുവരെ ഇന്ത്യയ്ക്ക് ഒരു ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ സഖ്യകക്ഷിയാണ്. എന്നാൽ ചൈന ഇപ്പോൾ  ശ്രീലങ്കയെ കെെപ്പിടിയിലാക്കാൻ ശ്രമിക്കുന്നു. 

1991 ലെ സമാനമായ ഫോറെക്സ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യ അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം സ്വീകരിച്ചെങ്കിലും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നേരിട്ടു. എങ്കിലും ഇന്ത്യ പ്രതിസന്ധിയിൽ നിന്ന് കരകയറി. ഐ‌എം‌എഫിന്റെ സഹായം  നിരസിച്ച ശ്രീലങ്ക ചൈനയുമായി വായ്പകൾ, ഗ്രാന്റുകൾ, കറൻസി കൈമാറ്റങ്ങൾ എന്നിവ തുടരുകയായിരുന്നു. പിന്നീട് കൊറിയ, ഇന്ത്യ, ചൈന, ഏഷ്യൻ വികസന ബാങ്ക് എന്നിവയും ഗ്രാന്റുകളിലൂടെയും കറൻസി കൈമാറ്റങ്ങളിലൂടെയും ശ്രീലങ്കയ്ക്ക് പിന്തുണ നൽകി. രാജ്യത്ത് ഇറക്കുമതി നിരോധിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരമാകില്ല. സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനായി ശ്രീലങ്ക  ചെലവുചുരുക്കൽ നടപടികൾ ഏറ്റെടുക്കേണ്ടത് അനിവാര്യമായി വരും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023