1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി വിതരണ കമ്പനികൾ വഴിയോ സർക്കാർ സ്ഥപനങ്ങൾക്ക് മാത്രമായിരിക്കും ലഭ്യമാക്കുക.
സൈക്കോവ് ഡി വാക്സിൻ നിർമിക്കാൻ ശിൽപ മെഡികെയറുമായി കരാർ ഒപ്പുവച്ച് സൈഡസ് കാലിഡ
കൊവിഡ് 19 ന് എതിരെയുള്ള വാക്സിനായ സൈക്കോവ് ഡി നിർമിക്കുന്നതിനായി ശിൽപ മെഡികെയറുമായി കരാർ ഒപ്പിട്ട് വാക്സിൻ നിർമാതാക്കളായ സൈഡസ് കാലിഡ. കർണാടകയിലെ ധാർവാഡിലെ ഇന്റഗ്രേറ്റഡ് ബയോളജിക്സ് ആർ ആൻഡ് കം മാനുഫാക്ച്വറിംഗ് സെന്ററിൽ നിന്നും ശിൽപ മെഡിക്കെയർ വാക്സിൻ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. സൈക്കോവ് ഡിയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഓഗസ്റ്റ് 20-ന് ഇന്ത്യ ഡ്രഗ് റെഗുലേറ്റേഴ്സിൽ നിന്നും ലഭിച്ചിരുന്നു. 12 വയസ്സുള്ള കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഡിഎൻഎ പ്ലാസ്മിഡ് വാക്സിനാണ് സൈക്കോവ് ഡി.
മാലിദ്വീപിൽ 2,000 ഫ്ലാറ്റുകൾ നിർമിക്കാനുള്ള 968 കോടി രൂപയുടെ കരാർ എൻബിസിസിക്ക്
മാലിദ്വീപിൽ 2,000 സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളുടെ നിർമാണത്തിനായുളള 968.5 കോടി രൂപയുടെ കരാർ സർക്കാർ ഉടമസ്ഥതയിലുള്ള എൻബിസിസി ലിമിറ്റഡിന്. വിദേശ വിപണിയിൽ നിന്നും എൻബിസിസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണിത്. പദ്ധതിക്കു വേണ്ടി പണം സമാഹരിക്കുന്നതിനായി ഫാഹി ദിരിഉൽഹുൻ കോർപ്പറേഷൻ ലിമിറ്റഡും (എഫ്ഡിസി) എക്സിം ബാങ്ക് ഓഫ് ഇന്ത്യയും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
നിരീക്ഷണങ്ങൾ ഒന്നുമില്ലാതെ കാപ്ലിൻ പോയിന്റ് ലാബ്സിന്റെ ഓഡിറ്റ് പൂർത്തിയാക്കി യു എസ് എഫ് ഡി എ
കാപ്ലിൻ പോയിന്റ് ലബോറട്ടറീസ് ക്ലിനിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ വെർച്വൽ ഓഡിറ്റ് പൂർത്തിയാക്കി യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷൻ. നിരീക്ഷണങ്ങൾ ഒന്നുമില്ലാതെയാണ് ഓഡിറ്റ് അവസാനിച്ചത്. തങ്ങളുടെ എല്ലാ യൂണിറ്റുകളിലും ഉയർന്ന നിലവാരവും ഗുണനിലവാരവും നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഫാർമ കമ്പനി പറഞ്ഞു.
500 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി ഇർകോൺ ഇന്റർനാഷണൽ
500 മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാനുള്ള ലേലം നേടി ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡ്. സെൻട്രൽ പബ്ലിക്ക് സെക്ടർ അണ്ടർടെയ്ക്കിംഗ് സ്കീം വഴിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡവലപ്മെന്റ് ഏജൻസിയുടെ പദ്ധതി ഇർകോണിനു ലഭിച്ചത്. 2400 കോടി രൂപയുടേതാണ് പദ്ധതി.
ബോണ്ടുകളിലൂടെ 1,000 കോടി സമാഹരിക്കാൻ ഒരുങ്ങി ഐഐഎഫ്എൽ ഫിനാൻസ്
1,000 കോടി രൂപ സമാഹരിക്കാനായി ബോണ്ടുകൾ പുറത്തിറക്കാനൊരുങ്ങി ഐഐഎഫ്എൽ ഫിനാൻസ്. സെപ്റ്റംബർ 27 ന് ഐഐഎഫ്എൽ ബോണ്ടുകൾ പൊതുവായി പുറത്തിറക്കും. ബിസിനസ്സ് വളർച്ചയ്ക്കും മൂലധന വർദ്ധിപ്പിക്കാനുമായിരിക്കും ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുക. പ്രതിവർഷം 8.5 ശതമാനം വരെ വരുമാനവും ഉയർന്ന സുരക്ഷയുമാണ് ബോണ്ടുകൾ വാഗ്ദാനം ചെയ്യുന്നത്. 100 കോടി രൂപയുടെ സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ നോൺ കൺവേർട്ടിബിൾ ബോണ്ടുകളായിരിക്കും (എൻ സി ഡി ) ഇവ.
കൊവിഡിന് മുമ്പുള്ളതിനേക്കാൾ 30 ശതമാനം താഴേക്ക് ആഗോള തലത്തിലെ എണ്ണ, വാതക നിക്ഷേപമെന്ന് ഒഎൻജിസി
ഈ വർഷത്തെ എണ്ണ വാതക മേഖലയിലെ ആഗോള നിക്ഷേപം കൊവിഡിന് മുമ്പുള്ളതിനേക്കാൾ 30 ശതമാനം കുറവാണെന്ന് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) ചെയർമാൻ സുഭാഷ് കുമാർ. 2050 ആകുമ്പോഴേക്കും രാജ്യത്ത് ഊർജത്തിന്റെ ആവശ്യം ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ ഉൾക്കടലിലെ കെജി ബേസിൻ ബ്ലോക്കിലെ രണ്ടാമത്തെ ആഴക്കടൽ കിണറിൽ നിന്ന് ഒഎൻജിസി വാതക ഉത്പാദനം ആരംഭിച്ചതായും അറിയിച്ചു.
ഓറോപേ എന്ന പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഓറിയോൺപ്രോ
ഓറോപേ എന്ന പേരിൽ പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഓറിയോൺപ്രാേ സെല്യൂഷൻസ് ലിമിറ്റഡ്. ഒരു ഉപസ്ഥാപനമെന്ന നിലയിൽ സിംഗപ്പൂരിലാണ് ഇത് ആരംഭിച്ചത്. സുരക്ഷിത ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നൂതന പേയ്മെന്റ് പ്ലാറ്റ്ഫോമാണിത്. വ്യാപാരി സംഘടനകൾക്ക് ഇത് ഗേറ്റ് വേ സേവനങ്ങൾ നൽകും.