ഓഹരി വിൽപ്പനയും പണമിടപാടും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാം, പുതിയ നിർദ്ദേശവുമായി സെബി, ആശങ്ക അറിയിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ

Home
editorial
sebi-proposes-t1-settlement-cycle-on-optional-basis-all-you-need-to-know
undefined

ഓഹരി വിപണിയിൽ നിർണായക മാറ്റം വരുത്തി കൊണ്ടുള്ള നിർദ്ദേശമാണ് കഴിഞ്ഞ ആഴ്ച സെക്യൂരിറ്റീ എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പുറപ്പെടുവിച്ചത്. ടി+ 1 സെറ്റിൽമെൻറ് 2022 ജനുവരി 1 മുതൽ നടപ്പാക്കാനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സെബി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ നിലവില്‍ രണ്ടു ദിവസമെടുത്ത് പൂര്‍ത്തിയാക്കുന്ന ഇടപാടുകൾ വില്‍പ്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കാനാകും. പുതിയ നിർദ്ദേശത്തിന് വൻ സ്വീകാര്യമാണ് ലഭിക്കുന്നതെങ്കിലും ഇതിനൊപ്പം തന്നെ നിരവധി ആശങ്കകളും നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉയർന്ന് വരുന്നതായി കാണാം. സെബിയുടെ ഈ നീക്കം ഓഹരി വിപണിയെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കുമെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

എന്താണ് T+1 സെറ്റിൽമെന്റ് സൈക്കിൾ?

2003 മുതൽ തന്നെ എൻ.എസ്.ഇയും ബിഎസ്ഇയും ടി+2 സെറ്റിൽമെന്റ് സെെക്കിളാണ് പിന്തുടർന്ന് വരുന്നത്. ഇവിടെ ടി എന്നത് വ്യാപാരം നടക്കുന്ന ദിവസത്തെ സൂചിപ്പിക്കുന്നു. 2 എന്നത് ഇടപാട് നടക്കാൻ എടുക്കുന്ന മുഴുവൻ സമയത്തെ സൂചിപ്പിക്കുന്നു.

ഉദാഹരണത്തിന് സെപ്റ്റംബർ 1ന് നിങ്ങൾ ഐടിസിയുടെ 100 ഓഹരികൾ 200 രൂപയ്ക്ക് വാങ്ങിയെന്ന് കരുതുക. ഇവിടെ മൊത്തം ബെെ വാല്യു എന്നത് 20000 രൂപയാണ്. നിങ്ങൾ ഇടപാട് നടത്തിയ ദിവസം ‘ടി’ എന്ന് പറയപ്പെടുന്നു. ഈ ദിവസം 20000 രൂപയും മറ്റു അനുബന്ധ ചാർജുകളും നിങ്ങളുടെ ഡീമാറ്റ് അക്കൌണ്ടിൽ നിന്നും ഈടാക്കും. ടി+1( സെപ്റ്റംബർ 2ന്) ഈ പണം എക്സ്ചേഞ്ച് കെെപ്പറ്റുകയും ടി+2 (സെപ്റ്റംബർ 3ന്) നിങ്ങൾക്ക് ഓഹരി വിറ്റയാളുടെ ഡീമാറ്റ് അക്കൌണ്ടിൽ നിന്നും ഓഹരികൾ എടുത്ത് നിങ്ങളുടെ ബ്രോക്കറിന് കെെമാറുകയും ചെയ്യും. പിന്നീട് ബ്രോക്കർ ഈ ഓഹരികൾ നിങ്ങളുടെ ഡീമാറ്റ് അക്കൌണ്ടിലേക്ക് ഇട്ടുതരും. അതേസമയം തന്നെ ബ്രോക്കർ നിങ്ങളിൽ നിന്നും ഈടാക്കിയ മുഴുവൻ തുകയും ഓഹരി വിറ്റയാളിന് കെെമാറും.

എന്നാൽ ഇപ്പോൾ സെബി ടി+1 സെറ്റിൽമെന്റ് അവതരിപ്പിച്ചിരിക്കുകയാണ് സെബി. ഇതിലൂടെ വില്‍പ്പന നടന്ന് ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെന്‍റ് പൂര്‍ത്തിയാകും. ഒരു ഓഹരിയിൽ ടി+1 സെറ്റിൽമെന്റിലേക്കുള്ള നീക്കം സംബന്ധിച്ച്  സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പൊതുജനങ്ങൾക്ക് കുറഞ്ഞത് ഒരു മാസം മുമ്പ്  അറിയിപ്പ് നൽകണം. ഒരു സ്റ്റോക്കിനായി ഇത് തിരഞ്ഞെടുത്താൽ നിർബന്ധമായും കുറഞ്ഞത്  ആറ് മാസത്തേക്ക് ഇത് തുടരണം.

ഇത് എങ്ങനെ പ്രയോജനകരമാകും?

ടി+1 നടപ്പിലാക്കുന്നതോടെ ഇടപാടുകൾ വളരെ പെട്ടന്ന് പൂർത്തിയാക്കാൻ സാധിക്കും. ഇത് റീട്ടെയിൽ നിക്ഷേപകർക്ക് ഏറെ പ്രയോജനം ചെയ്യും. വ്യാപാരം നടന്ന് കഴിഞ്ഞാൽ അവർക്ക് തങ്ങളുടെ പണം ഇതിലൂടെ വേഗത്തിൽ ലഭിക്കും. സെറ്റിൽമെന്റ് ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ കുറയ്ക്കാൻ ഇത് സഹായിക്കും.

ചെറിയ സെറ്റിൽമെന്റ് സൈക്കിളിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കൂടുതൽ കാര്യക്ഷമായി പ്രവർത്തിക്കാനാകും. ഇത് വിപണിയിലെ ലിക്യുഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്തേക്കും. 2003ലാണ് എൻ.എസ്ഇ ബിഎസ്ഇ എന്നിവ സമാനമായി ടി+3യിൽ നിന്നും ടി+2 വിലേക്ക് കടന്നിരുന്നത്. 

സെബിയുടെ നിർദ്ദേശം സംബന്ധിച്ച ആശങ്കകൾ

ടി+1 സെറ്റിൽമെന്റ് സൈക്കിളിലേക്കുള്ള നീക്കത്തിന്റെ സങ്കീർണത സൂചിപ്പിച്ച് കൊണ്ട് സീറോധ സ്ഥാപകൻ നിഥിൻ കാമത്ത് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. രണ്ട് എക്സ്ചേഞ്ചുകളിലും ഒരേ സ്റ്റോക്ക് ട്രേഡ് ചെയ്യുമ്പോൾ ഒരു എക്സ്ചേഞ്ച് T+1 സ്വീകരിച്ചാൽ മറ്റൊന്ന് T+2 ആണെങ്കിൽ സെറ്റിൽമെന്റുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ നോക്കികാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെറ്റിൽമെന്റ് സൈക്കിളിലെ പൊരുത്തക്കേട് നിക്ഷേപകർക്കും വ്യാപാരികൾക്കും  ഒരു പോലെ ആശയക്കുഴപ്പമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വിപണിയിലെ വോള്യത്തെ ബാധിച്ചേക്കും. എൻഎസ്ഇയും ബിഎസ്ഇയും ഒരു പോലെ ടി+1 ലേക്ക് മാറണമെന്നും അല്ലെങ്കിൽ രണ്ട് എക്സ്ചേഞ്ചും ടി+2 വിൽ തന്നെ തുടരണമെന്നും വിദഗ്ധർ പറയുന്നു. 

ടി+1 സെറ്റിൽമെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് അനേകം സാങ്കേതിക വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ഓഹരി വിപണിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സംവിധാനങ്ങളും സ്ഥാപനങ്ങളും ഒരു ദിവസത്തിനുള്ളിൽ ഓഹരികൾ കൈമാറുന്നതിനും പണം കൈമാറുന്നതിനുമുള്ള കാര്യക്ഷമത കെെവരിക്കേണ്ടതുണ്ട്. ഈ നീക്കം ബ്രോക്കർമാർക്കുള്ള പ്രവർത്തന മൂലധന ആവശ്യകതകൾ വർദ്ധിപ്പിക്കും. ഈ ചെലവുകൾ നിക്ഷേപകർക്ക് മേൽ ബ്രോക്കർമാർ അടിച്ചേൽപ്പിച്ചേക്കും.

എഫ്പിഐകളിൽ നിന്നുള്ള സമ്മർദ്ദം

ചില പ്രത്യേക തരം ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർമാർക്ക് ടി+1 സെറ്റിൽമെന്റ് ബുദ്ധിമുട്ടായിരിക്കും. അസോസിയേഷൻ ഓഫ് നാഷണൽ എക്സ്ചേഞ്ച് മെംബേഴ്സ് ഓഫ് ഇന്ത്യ, ഏഷ്യ സെക്യൂരിറ്റീസ് ഇൻഡസ്ട്രി ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റ്സ് അസോസിയേഷൻ (ASIFMA), വിദേശ വ്യാപാരികൾ എന്നിവർ ടി+1 സെറ്റിൽമെന്റിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ പ്രത്യാഘാതങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസിലെയും യൂറോപ്പിലെയും ജോലി സമയം ഏഷ്യാ പസഫിക് വിപണികളുമായി ഒത്തുപോകാത്തതിനാൽ, ടി+2 സെറ്റിൽമെന്റ് ഫലപ്രദമായി ടി+1 ആയി പ്രവർത്തിക്കുന്നു. സെറ്റിൽമെന്റ് സൈക്കിൾ ചുരുക്കുന്നത് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഉയർന്ന ചെലവുകൾക്കും സെറ്റിൽമെന്റ് റിസ്കുകൾക്കും ഇടയാക്കും.

ടി+1 രീതിയിലേക്ക് മാറിയാൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇടപാട് നടക്കുന്ന ദിവസം തന്നെ ഓഹരിയും പണവും തയ്യാറാക്കി വയ്ക്കണം. ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപ ഒഴുക്കിനെ ബാധിച്ചേക്കും. ഇതേതടുർന്ന് ടി+1 സംവിധാനത്തിന്റെ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ സെബിക്ക് കത്തയച്ചിട്ടുണ്ട്.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023