Sansera Engineering Ltd IPO: അറിയേണ്ടതെല്ലാം

Home
editorial
sansera-engineering-ltd-ipo-all-you-need-to-know
undefined

പ്രാരംഭ ഓഹരി വിൽപ്പനയുമായി അനേകം കമ്പനികളാണ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. ഇപ്പോഴിത രാജ്യത്തെ മുൻനിര ഓട്ടോ ഘടക നിർമാണ കമ്പനിയായ സാൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡറ്റും തങ്ങളുടെ ഐപിഒയുമായി രംഗത്തെത്തിയിരിക്കുകയാണ്. സെപ്റ്റംബർ 14ന്( ഇന്ന്) ആരംഭിച്ച ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  

Sansera Engineering Limited

ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് മേഖലകൾക്കായി  എഞ്ചിനീയറിംഗ് ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയാണ് സാൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡ്. 1981ൽ  ആരംഭിച്ച സാൻസേര എഞ്ചിനീയറിംഗ് ഡിസൈൻ, മെഷീൻ ബിൽഡിംഗ്, ഓട്ടോമേഷൻ എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ്. ഇരുചക്രവാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ഘടകങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. എയ്‌റോസ്‌പേസ്, ഓഫ് റോഡ്, കാർഷിക വിഭാഗങ്ങൾ എന്നിവയ്ക്കായി കമ്പനി വിപുലമായ  ഘടകങ്ങൾ നിർമിക്കുന്നു.

കഴിഞ്ഞ വർഷം ലൈറ്റ് വെഹിക്കിൾ, കൊമേഴ്സ്യൽ വെഹിക്കിൾ സെഗ്‌മെന്റുകളിൽ കണക്റ്റിംഗ് റോഡുകളുടെ മികച്ച 10 ആഗോള വിതരണക്കാരിൽ ഒരാളായിരുന്നു സാൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡ്. മാത്രമല്ല, ഇന്ത്യയിലെ വാഹനങ്ങൾക്കായുള്ള ക്രാങ്ക്ഷാഫ്റ്റുകൾ, ഗിയർ ഷിഫ്റ്റർ ഫോർക്കുകൾ എന്നിവയുടെ പ്രധാന നിർമാതാക്കളിൽ ഒരാളുകൂടിയാണ് എസ്ഇഎൽ. 2021 സാമ്പത്തിക വർഷത്തിൽ 69 ഉത്പ്പന്ന വിഭവങ്ങളുടെ ഘടകങ്ങളാണ്  കമ്പനി വിറ്റത്. എല്ലാത്തരം വാഹനങ്ങളുടെയും എഞ്ചിൻ, ട്രാൻസ്മിഷൻ, സസ്പെൻഷൻ, ബ്രേക്കിംഗ്, ചേസിസ് സംവിധാനങ്ങൾക്ക് ഈ ഘടകങ്ങൾ ഭൂരിഭാഗവും നിർണായകമാണ്.

ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഹോണ്ട മോട്ടോർസൈക്കിൾ, സ്കൂട്ടർ ഇന്ത്യ, യമഹ തുടങ്ങിയ വലിയ വാഹന നിർമാതാക്കൾക്ക് ആവശ്യമായ സേനവങ്ങൾ കമ്പനി നൽകിവരുന്നു. 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 88.45 ശതമാനവും സംഭാവന ചെയ്തത് ഓട്ടോമോട്ടീവ് സെക്ടറിൽ നിന്നാണ്. 11.55 ശതമാനം വരുമാനം നോൺ ഓട്ടോമോട്ടീവ് സെക്ടറിൽ നിന്നുമാണ് ലഭിച്ചത്. ബെംഗളൂരുവിലും  സ്വീഡനിലും ട്രോൾഹോട്ടണിലുമായി  കമ്പനിക്ക് മൊത്തം 16 നിർമ്മാണ പ്ലാന്റുകളാണുള്ളത്.

ഐപിഒ എങ്ങനെ?

സെപ്റ്റംബർ 14ന് ആരംഭിച്ച സൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ ഐപിഒ സെപ്റ്റംബർ 16ന് അവസാനിക്കും. 734-744 രൂപയാണ് ഐപിഒയുടെ പ്രെെസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്.

നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 1282.98 കോടി രൂപ വിലമതിക്കുന്ന 1.72 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 20 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,880 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 260 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

കമ്പനിയുടെ ഓഹരി ഉടമകൾക്കും ആദ്യകാല നിക്ഷേപകർക്കും ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്നതിന്റെ ഭാഗമായാണ് ഐപിഒ നടത്തുന്നത്. ഓഹരി വിതരണത്തിലൂടെ കമ്പനി ഒരുതരത്തിലുമുള്ള ധനസമാഹരണം നടത്തുന്നില്ല.  ഐപിഒയ്ക്ക് ശേഷം മാെത്തം പ്രൊമോട്ടർ വിഹിതം 43.91 ശതമാനത്തിൽ നിന്നും 36.56 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

ഓട്ടോമേഖലയിലെ മാന്ദ്യം 2020 സാമ്പത്തിക വർഷത്തെ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ കാര്യമായി ബാധിച്ചു. എങ്കിലും കൊവിഡ് പാൻഡെമിക്കിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾക്കിടയിലും 2021 സാമ്പത്തിക വർഷം വരുമാനത്തിലും ലാഭ വളർച്ചയിലും ശക്തമായ തിരിച്ചുവരവ് നടത്താൻ കമ്പനിക്ക് സാധിച്ചു. അതേസമയം നിർമ്മാണ യൂണിറ്റുകളിലുടനീളമുള്ള ശരാശരി ശേഷി ഉപയോഗം 2019ൽ 69 ശതമാനത്തിൽ നിന്ന് 2021ൽ 49 ശതമാനമായി കുറഞ്ഞു.

2021 സാമ്പത്തിക വർഷത്തെ മൊത്തം വരുമാനത്തിന്റെ 64.98 ശതമാനവും ഇന്ത്യയിലെ ഉത്പന്നങ്ങളുടെ വിൽപ്പനയിൽ നിന്നും 35.02 ശതമാനം യുഎസ്, യൂറോപ്പ് തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ വിൽപ്പനയിൽ നിന്നുമാണ് കമ്പനിക്ക് ലഭിച്ചത്. മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ സാൻസേരയ്ക്ക് ഉയർന്ന EBITDA മാർജിനും PAT മാർജിനും നിലനിർത്താൻ സാധിക്കുന്നു. 

അപകട സാധ്യതകൾ

  • കൊവിഡ് പകർച്ചവ്യാധി മൂലം തുടരുന്ന അനിശ്ചിതത്വം പ്രവചനാതീതമാണ്. ലോക്ക്ഡൌൺ കാരണം രാജ്യത്തെ സാൻസെറ എഞ്ചിനീയറിംഗിന്റെ നിർമ്മാണ യൂണിറ്റുകൾ ദീർഘകാലത്തേക്ക് താൽക്കാലികമായി അടച്ചുപൂട്ടേണ്ടി വന്നു. ഇത് തുടർന്നാൽ നിലവിലെ ഓർഡറുകൾ പൂർത്തീകരിക്കാനും പുതിയ ഓർഡറുകൾ സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചേക്കില്ല.

  • ഉപഭോക്താക്കളുമായി കമ്പനിക്ക് ദീർഘകാല വിതരണ കരാറുകൾ ഒന്നും തന്നെയില്ല.

  • 2021 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം 5 പ്രധാന ഉപഭോക്താക്കളിൽ നിന്നുമാണ് കമ്പനിയുടെ 59.21 ശതമാനം വരുമാനവും ലഭിക്കുന്നത്.  ഇവരിൽ ആരെയെങ്കിലും നഷ്ടമായാൽ അത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിക്കും.

  • ഗുണനിലവാരം, ഡെലിവറി, വികസന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ കർശനമായ ഓഡിറ്റുകൾക്ക് വിധേയമാണ് കമ്പനി. ഇവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് കമ്പനിയുടെ ഭാവിയിലെ ഓർഡറുകൾ നഷ്ടപ്പെടാൻ കാരണമായേക്കും.

  • ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യവസായ പ്രവണതകളും സാങ്കേതികവിദ്യകളും യഥാസമയം കെെകൊള്ളാൻ കമ്പനിക്ക് സാധിച്ചില്ലെങ്കിൽ മൊത്തത്തിലുള്ള പ്രകടനത്തെ അത് ദോഷകരമായി ബാധിച്ചേക്കും. 

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി & സെക്യൂരിറ്റി എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

ഐപിഒയ്ക്ക് മുമ്പായി കമ്പനി വിവിധ നിക്ഷേപകരിൽ നിന്നായി 382 കോടി രൂപയാണ് സമാഹരിച്ചത്. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ, നോമുറ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ആക്സിസ് മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ എം എഫ്, കുബേർ ഇന്ത്യ ഫണ്ട് എന്നിവർ ഇതിൽ ഉൾപ്പെടും. 

നിഗമനം

ഇന്ത്യൻ ഓട്ടോ ഘടക വ്യവസായം അതിവേഗം വളരുകയാണ്. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം 2026 ഓടെ മേഖല 11.9 ശതമാനത്തിന്റെ സിഎജിആർ വളർച്ച കെെവരിച്ച് 5.28 ലക്ഷം കോടി രൂപയായേക്കും. പുതിയതും മെച്ചപ്പെട്ടതുമായ ഉത്പ്പന്നങ്ങൾ പുറത്തിറക്കിയാൽ ഓട്ടോ ഘടകങ്ങളുടെ വ്യവസായത്തിന്റെ വളർച്ചയിൽ നിന്ന് പ്രയോജനം നേടാൻ സാൻസേര എഞ്ചിനീയറിംഗ് ലിമിറ്റഡിന് സാധിക്കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സസ്പെൻഷൻ, ഡ്രൈവ് ട്രെയിൻ ഘടകങ്ങൾ, പാസഞ്ചർ വാഹനങ്ങൾക്കുള്ള ബ്രേക്കിംഗ് സിസ്റ്റം എന്നിവയ്ക്കായുള്ള സമഗ്രമായ വിപുലീകരണം നടത്തി വരികയാണ് കമ്പനി. എയ്‌റോസ്‌പേസ് വ്യവസായത്തിനായുള്ള മെഷീൻഡ് എഞ്ചിൻ കാസ്റ്റിംഗും പവർ ട്രാൻസ്മിഷനുള്ള ഘടകങ്ങളും സാൻസേര എഞ്ചിനീയറിംഗ്  വികസിപ്പിക്കുന്നു.

എന്നിരുന്നാലും കമ്പനിയുടെ പ്രൊമോട്ടർ ഓഹരിയുടെ വലിയ ഒരു ഭാഗവും വിൽക്കുന്നു എന്നത് ആശങ്കയുളവാക്കുന്നു. ഇതിന് അർത്ഥം കമ്പനിയുടെ ഭാവിയിൽ പ്രൊമോട്ടേഴ്സിന് മതിയായ വിശ്വസമില്ലെന്നാണ്. ഓട്ടോമൊബൈൽ വ്യവസായവും മന്ദഗതിയിലാണ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്.

മിൻഡ ഇൻഡസ്ട്രീസ്, സുന്ദരം ഫാസ്റ്റനേഴ്സ്, ഭാരത് ഫോർജ്, എൻഡുറൻസ് ടെക്നോളജീസ്, മദർസൺ സുമി, മഹീന്ദ്ര സിഐഇ തുടങ്ങിയ മുൻനിര വാഹന ഘടക നിർമ്മാതാക്കളുമായി കമ്പനി കടുത്ത മത്സരം നേരിടേണ്ടി വരും. 

ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പ് നിക്ഷേപ സ്ഥാപനങ്ങക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കമ്പനിയുടെ അപകട സാധ്യതകൾ പരിഗണിച്ച് കൊണ്ട് സ്വയം നിഗമനത്തിലെത്തുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023