ഇന്നത്തെ വിപണി വിശകലനം
പതനത്തെ ഭയന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിൽ അകപ്പെട്ട് വിപണി.
നേരിയ ഗ്യാപ്പ് അപ്പിൽ 18348 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18350 പരീക്ഷിക്കുകയും പിന്നീട് 150 പോയിന്റുകൾ താഴേക്ക് വീണ് 18200 രേഖപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമുള്ള വീണ്ടെടുക്കൽ വേണ്ടത്ര ശക്തമായിരുന്നില്ല, അവസാനം ഇതിലും വലിയ തകർച്ച കാണപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 195 പോയിന്റുകൾ/ 1.07 ശതമാനം താഴെയായി 18113 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 38381 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശാന്തമായി നിലനിന്നു. സാവധാനം ശക്തി കെെവരിച്ച സൂചിക 38500 മറികടന്ന് മുന്നേറ്റം നടത്തി. ഉച്ചയ്ക്ക് 2 മണിയോടെ വിപണിയിൽ വിൽപ്പന സമ്മർദ്ദം രൂക്ഷമാവുകയും സൂചിക 750 പോയിന്റുകൾ താഴേക്ക് വീഴുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.02 ശതമാനം താഴെയായി 38210 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി (-2.6%), നിഫ്റ്റി ഓട്ടോ(-2.3%), നിഫ്റ്റി മെറ്റൽ (-2.2%) എന്നിവ 2 ശതമാനത്തിൽ ഏറെ വീണു. ബാങ്ക് നിഫ്റ്റി(-0.02%) മാത്രം ഫ്ലാറ്റായി നിന്നു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
സിറ്റി ബാങ്കിന്റെ റീട്ടെയിൽ പോർട്ട്ഫോളിയോ ഏറ്റെടുക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ Axis Bank (+1.7%) ബാങ്ക് ഓഹരിയിൽ ഇന്ന് ശക്തമായ ബെെയിംഗ് അരങ്ങേറി. ഇന്ത്യയിലെ ബാങ്കിംഗ് സേവനം അവസാനിപ്പിക്കാനുള്ള സിറ്റി ഗ്രൂപ്പിന്റെ തീരുമാനത്തെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
വെള്ളിയാഴ്ചത്തെ നേട്ടം നഷ്ടപ്പെടുത്തി താഴേക്ക് വീണ Tata Consumer (-4.4%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Maruti (-4.2%), UltraCem Co (-4%), Eicher (-3.8%), Grasim (-3.4%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.
സിമന്റ്, നിർമാണ ഓഹരികൾ ഇന്ന് താഴേക്ക് വീണു. DBL (-8%), Ambuja Cement (-6.6%), India Cements (-6.2%), ACC (-5.2%), Ramco Cement (-4.9%), DLF (-4.7%)എന്നിവ കൂപ്പുകുത്തി.
അതേസമയം മൂന്നാം പാദത്തിൽ വിൽപ്പന വർദ്ധിച്ചതിന് പിന്നാലെ Prestige (+2.7%) ഓഹരി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയും തമ്മിലുള്ള വിടവ് നിഫ്റ്റി നകത്തിയതായി കാണാം. രാവിലെ ലാഭത്തിലായിരുന്ന ആഗോള വിപണികൾ ഉച്ചയ്ക്ക് ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണാനായത്.
മാർച്ചിലെ ഫെഡറൽ നിരക്ക് വർദ്ധന പ്രതീക്ഷിച്ച് ലോകമെമ്പാടുമുള്ള ബോണ്ട് വരുമാനത്തിൽ വർദ്ധനവ് ഉണ്ടായതാകാം വിപണിയിൽ പരിഭ്രാന്തി ഉണ്ടാക്കുകയും ഇടിവിന് കാരണമാവുകയും ചെയ്തത്.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാത്രിയിലെ യുഎസ് വിപണിയുടെ നീക്കം ശ്രദ്ധിക്കേണ്ടതുണ്ട്. യുഎസ് വിപണിയിൽ വിൽപ്പന സമ്മർദ്ദം രൂക്ഷമാവുകയും അതിനൊപ്പം യുഎസും റഷ്യയും തമ്മിലുള്ള സംഘർഷങ്ങളുടെ സമ്മർദ്ദവും കൂടി ചിലപ്പോൾ ഇന്ത്യൻ വിപണിയെ നാളെ താഴേക്ക് വലിച്ചേക്കാം.
ബാങ്ക് നിഫ്റ്റി 38000ന് മുകളിലായാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ ഈ ലെവൽ നിങ്ങൾക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇന്നത്തെ ഉയർന്ന നിലയും നാളെ സൂചികയ്ക്ക് പ്രതിബന്ധം സൃഷ്ടിച്ചേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.