പ്രമുഖ ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നവംബർ 10ന് ആരംഭിച്ച ഐപിഒക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Latent View Analytics Ltd

ഒരു കമ്പനിയിൽ നിക്ഷേപം നടത്തുന്നതിന് മുമ്പായി തന്നെ അവരുടെ ബിസിനസ് രീതികളും ഉത്പന്നങ്ങളും സേവനങ്ങളും എന്താണെന്നും എങ്ങനെയാണെന്നും വ്യക്തമായി അറിഞ്ഞിരിക്കണം. ഒരു ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയാണ് ലാറ്റന്റ് വ്യൂ അനലിറ്റിക്‌സ് ലിമിറ്റഡ്. ഡാറ്റയും അനലിറ്റിക്‌സ് കൺസൾട്ടിംഗ്, ബിസിനസ് അനലിറ്റിക്‌സ്, സ്ഥിതിവിവരക്കണക്കുൾ, അഡ്വാൻസ്ഡ് പ്രെഡിക്റ്റീവ് അനലിറ്റിക്‌സ്, ഡിജിറ്റൽ സൊല്യൂഷൻസ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നൽകുന്നത്. ടെക്‌നോളജി, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് & ഇൻഷുറൻസ്, കൺസ്യൂമർ പാക്ക്ഡ് ഗുഡ്‌സ്  & റീട്ടെയിൽ, മറ്റ് വ്യവസായ ഡൊമെയ്‌നുകൾ എന്നിവയിലെ സംരംഭങ്ങളെ കമ്പനി പരിപാലിക്കുന്നു.

ലാറ്റന്റ് വ്യൂ അനലിറ്റിക്‌സിന്റെ ബിസിനസുകളെ ഇങ്ങനെ തരംതിരിച്ചിരിക്കുന്നു.

 1. Consulting services – പ്രസക്തമായ ബിസിനസ്സ് ട്രെൻഡുകൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവ മനസ്സിലാക്കുന്നതും അവയെ അഭിസംബോധന ചെയ്യുന്ന ഡാറ്റയുടെയും അനലിറ്റിക്സ് സംരംഭങ്ങളുടെയും റോഡ്മാപ്പുകൾ തയ്യാറാക്കുന്നതും ഉൾപ്പെടുന്നു. 

 2. Data engineering – അനലിറ്റിക്‌സ് ഏറ്റെടുക്കുന്നതിന് ആവശ്യമായ ഡാറ്റ ഫൗണ്ടേഷൻ രൂപകൽപ്പന ചെയ്യുക, ആർക്കിടെക്റ്റ് ചെയ്യുക, നടപ്പിലാക്കുക എന്നിവ ഇതിൽ ഉൾപ്പെടും.

 3. Business analytics – കൂടുതൽ കൃത്യവും സമയബന്ധിതവും ഫലപ്രദവുമായ തീരുമാനങ്ങൾ എടുക്കുന്നതിന് ക്ലയന്റുകൾക്ക് വിശകലനവും സ്ഥിതിവിവരക്കണക്കുകളും നൽകുന്നു.

 4. Digital solutions – ബിസിനസ്സ് പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യുക, ട്രെൻഡുകൾ പ്രവചിക്കുക, പ്രവർത്തനക്ഷമമായ സ്ഥിതിവിവരക്കണക്കുകൾ സൃഷ്ടിക്കുക എന്നിവ ഇതിൾ ഉൾപ്പെടും.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 30-ലധികം ഫോർച്യൂൺ 500 കമ്പനികളുമായി ലാറ്റന്റ് വ്യൂ പ്രവർത്തിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, നെതർലാൻഡ്‌സ്, ജർമ്മനി, സിംഗപ്പൂർ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് ഇവർ സേവനം നൽകുന്നു. കമ്പനിയുടെ ചില പ്രധാന ക്ലയന്റുകളിൽ അഡോബ്, ഉബർ ടെക്നോളജി, 7-ഇലവൻ എന്നിവർ ഉൾപ്പെടുന്നു. ബിസിനസ്സ് തന്ത്രം നയിക്കുന്നതിനും ചെലവ് തീരുമാനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും സംരംഭങ്ങൾ പ്രാഥമികമായി കമ്പനിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നു.

ഐപിഒ എങ്ങനെ?

നവംബർ 10ന് ആരംഭിക്കുന്ന ഐപിഒ നവംബർ 12ന്  അവസാനിക്കും. ഓഹരി ഒന്നിന് 190- 197 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

ഒരു രൂപ മുഖവിലയ്ക്ക് 474 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 126 കോടി രൂപ വിലമതിക്കുന്ന ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 76 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,972 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 988 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.


ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഈ കാര്യങ്ങൾക്കായി ഉപയോഗിക്കും

 1. ഇൻഓർഗാനിക്ക് ഗ്രോത്ത് സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനായി 147.9 കോടി രൂപ ഉപയോഗിക്കും.

 2. അനുബന്ധ സ്ഥാപനമായ ലാറ്റന്റ് വ്യൂ അനലിറ്റിക്സ് കോർപ്പറേഷന്റെ പ്രവർത്തന മൂലധനത്തിന്റെ ഫണ്ടിംഗ് ആവശ്യകതകൾക്കായി 82.4 കോടി രൂപ മാറ്റിവയ്ക്കും.

 3. ഭാവിയിലെ വളർച്ചയ്ക്കായി മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിന് സബ്സിഡിയറികളിലേക്ക്  130 കോടി രൂപയുടെ നിക്ഷേപം നടത്തും.

 4. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി ലാഭമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ അറ്റാദായം 25.4 ശതമാനം വർദ്ധിച്ച് 91.4 കോടി രൂപയായി. അതേസമയം വരുമാനത്തിൽ ഒരു ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. കുറഞ്ഞ യാത്രാ ചെലവും ചെലവ് കാര്യക്ഷമമായി കെെകാര്യം ചെയ്തതിന്റെയും ഫലമായി കമ്പനിയുടെ പ്രവർത്തന മാർജിൻ വികസിച്ചു. 2019ൽ 11 ശതമാനമായിരുന്ന ഇബിഐടിഡിഎ 2021ൽ 96.90 ശതമാനമായി വർദ്ധിച്ചു.

കമ്പനിയുടെ ബിസിനസ്സ് മോഡൽ എന്നത് ഓരോ ഉപഭോക്താവിനും നിക്ഷേപത്തിൽ നിന്നുള്ള വരുമാനം (ROI) എളുപ്പത്തിൽ മെച്ചപ്പെടുത്താൻ സാധ്യതയുള്ള രീതിയിലാണുള്ളത്. ആർഒഇ എന്നത് 20 ശതമാനത്തിന് മുകളിൽ തന്നെ നിലനിൽക്കുകയാണ്. ലാഭം ഉണ്ടാക്കുന്നതിനായി ഒരു സ്ഥാപനം ഓഹരി ഉടമകളുടെ മൂലധനം എത്ര നന്നായി ഉപയോഗിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ആർഒഇ. 

അപകട സാധ്യതകൾ

 • കമ്പനിയുടെ 59.3 ശതമാനം വരുമാനവും വരുന്നത് 5 പ്രധാന ക്ലയിന്റുകളിൽ നിന്നാണ്. നിലവിലുള്ള ഉപഭോക്താക്കൾ അവരുടെ കരാർ പുതുക്കുകയോ ദീർഘകാല ബന്ധങ്ങൾ അവസാനിപ്പിക്കുകയോ ചെയ്താൽ കമ്പനിയുടെ പ്രവർത്തനങ്ങളെ അത് പ്രതികൂലമായി ബാധിച്ചേക്കാം.

 • യുഎസിലെ ലോക്കൽ ക്ലയിന്റുകളിൽ നിന്നാണ് കമ്പനിയുടെ 90 ശതമാനം വരുമാനവും ലഭിക്കുന്നത്. യുഎസ് വിപണയിൽ ഉണ്ടായേക്കാവുന്ന തടസം കമ്പനിയെ പ്രതികൂലമായി ബാധിച്ചേക്കാം.

 • വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ സാരമായി ബാധിച്ചേക്കാം, കാരണം ചെലവുകളുടെ പ്രധാന ഭാഗം വിദേശ കറൻസികളിലാണ് നടക്കുന്നത്.

 • പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിലും ക്ലയന്റുകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സാധിച്ചില്ലെങ്കിൽ കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കും.

 • ഡേറ്റ അനലസ്റ്റിക്ക് മേഖലയിൽ കമ്പനി വളരെ വലിയ മത്സരം നേരിടുന്നു.  TCS, Happiest Minds Technologies, Accenture, Capgemini എന്നിവരാണ് കമ്പനിയുടെ പ്രധാന എതിരാളികൾ. കമ്പനിക്ക് അതിന്റെ മത്സര സ്ഥാനം നിലനിർത്തുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലായിരിക്കാം.

 • കമ്പനിയുടെ വരുമാനം പരിമിതമായ വ്യവസായ ലംബങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഈ ലംബങ്ങളിൽ ഔട്ട്‌സോഴ്‌സ് ചെയ്ത സേവനങ്ങളുടെ ആവശ്യകത കുറയുന്നത് അതിന്റെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ആക്സിസ് ക്യാപിറ്റൽ, ഹൈറ്റോംഗ് സെക്യൂരിറ്റീസ് ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ആർഎച്ച്പി വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

ഐപിഒയ്ക്ക് മുമ്പായി തന്നെ 34 ആങ്കർ നിക്ഷേപകരിൽ നിന്നുമായി 267 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. നിക്ഷേപകരിൽ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), അശോക ഇന്ത്യ ഓപ്പർച്യുണിറ്റീസ് ഫണ്ട്, എച്ച്എസ്ബിസി, ഹോൺബിൽ ഓർക്കിഡ് ഇന്ത്യ ഫണ്ട്, മിറേ അസറ്റ് എന്നിവർ ഉൾപ്പെടും.

നിഗമനം

ലാറ്റന്റ് വ്യൂ അനലിറ്റിക്‌സിന് വിശാലമായ ഡാറ്റ, അനലിറ്റിക്‌സ് സേവനങ്ങൾ നൽകുന്നതിനായി വിപുലമായ അനുഭവമുണ്ട്. ഡിജിറ്റൽ പരിവർത്തനം നടത്താനും മത്സരാധിഷ്ഠിത നേട്ടം നേടുന്നതിന് ഡാറ്റ ഉപയോഗിക്കാനും കമ്പനികളെ സഹായിക്കുന്ന പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടും ഡാറ്റാ വിശകലനം ശക്തി പ്രാപിക്കുന്നതിനാൽ തന്നെ കമ്പനിക്ക് ശോഭനമായ സാധ്യതകൾ മുന്നിലുണ്ട്. കമ്പനിയുടെ പ്രോസ്പെക്ടസ് അനുസരിച്ച്, അനലിറ്റിക്സ് സേവന വിപണി 2024-ൽ 19  ശതമാനത്തിന്റെ സിഎജിആർ വളർച്ച കെെവരിച്ച് കൊണ്ട് 68 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട ഓഫറുകൾ സമാരംഭിക്കുകയും അതിന്റെ ക്ലയന്റ് അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്താൽ വിപണിയിലെ ഈ വളർച്ചയിൽ നിന്ന് കമ്പനിക്ക് പ്രയോജനം നേടാനാകും. കമ്പനിയുടെ ട്രാക്ക് റെക്കോർഡും ഭാവി സാധ്യതകളും കണക്കിലെടുത്ത് കൊണ്ട് ദീർഘകാലത്തേക്ക് നിക്ഷേപം നടത്താവുന്നതാണ്. 

കമ്പനി ഐപിഒ നടത്തുമ്പോൾ വളരെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ 8.97 തവണയാണ് സബ്സ്ക്രിപ്ഷൻ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഓടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഐപിഒയിൽ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചേക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഐപിഒ വിലയേക്കാൾ 285 രൂപയ്ക്ക മുകളിലാണ് ഗ്രേ മാർക്കറ്റിൽ ഓഹരി വിൽക്കപ്പെടുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ കമ്പനിയുടെ അപകട സാധ്യതകൾ മനസിലാക്കുക. ശേഷം സ്വയം തീരുമാനമെടുക്കുക.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement