ഇന്ത്യയിലെ ഏറ്റവും ധനികനായ നിക്ഷേപകൻ: അറിയാം രാധാകിഷൻ ദമാനിയുടെ നിക്ഷേപ തന്ത്രങ്ങൾ

Home
editorial
indias-richest-investor-radhakishan-damani
undefined

ഒരു സുവർണ്ണകാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ കടന്ന് പോയി കൊണ്ടിരിക്കുന്നത്. വർഷങ്ങളായി ഇന്ത്യൻ വിപണി അനേകം മികച്ച നിക്ഷേപകരെ വാർത്തെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലൂടെ വിജയം കെെവരിച്ച വ്യക്തിയാണ് രാധാകിഷൻ ദമാനി. വാല്യു ഇൻവെസ്റ്റിംഗിന്റെ പ്രാധാന്യം മനസിലാക്കി തരുന്ന പ്രമുഖ വ്യക്തികളിൽ ഒരാളാണ് രാധാകിഷൻ ദാമാനി. ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡിമാർട്ട് നിർമിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു. ബോംബേയിലെ ഒരു ബേഡ്റൂം അപ്പാർട്ട്മെന്റിൽ നിന്നും തുടങ്ങിയ അദ്ദേഹത്തിന്റെ ഷെയർമാർക്കറ്റ് യാത്ര ഇപ്പോൾ അലിബാഗിലെ റാഡിസൺ ബ്ലൂ റിസോർട്ട് സ്വന്തമാക്കി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ജീവിതം ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്ന ഏവർക്കും ആത്മവിശ്വാസം നൽകുന്നതാണ്. രാധാകിഷൻ ദമാനിയുടെ നിക്ഷേപ യാത്രയെ പറ്റിയും പോർട്ട്ഫോളിയോയിലെ ഓഹരികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

ദലാൽ സ്ട്രീറ്റിലേക്കുള്ള യാത്ര

1954 ജനുവരി 1ന് മുംബൈയിലെ ഒരു മാർവാഡി കുടുംബത്തിലാണ് രാധാകിഷൻ എസ് ദമാനി  ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശിവകിഷൻജി ദമാനി ദലാൽ സ്ട്രീറ്റിലെ ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്നു. പിതാവിന്റെ പാത പിന്തുടരാതെയിരുന്ന ദമാനി മുംബൈ സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടാൻ പോയി. എന്നാൽ കോളേജ് പഠനം ഉപേക്ഷിച്ച ദമാനി വെെകാതെ തന്നെ തന്റേതായ ബിസിനസ് കെട്ടി ഉയർത്തി. ഇരുപതാം വയസിൽ അവിചാരിതമായി ഉണ്ടായ പിതാവിന്റെ വിയോഗത്തെ തുടർന്ന് ദമാനി ഓഹരി വിപണിയുടെ ലോകത്തേക്ക് എത്തിപ്പെട്ടു. 

നിക്ഷേപ യാത്ര

ഒരു സ്റ്റോക്ക് ബ്രോക്കറായി തുടരുന്നതിൽ ദമാനിക്ക് താത്പര്യമില്ലായിരുന്നു. അതിനാൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ചുറ്റുമുള്ള വ്യാപാരം, നിക്ഷേപ പ്രവർത്തനങ്ങൾ അദ്ദേഹം വിശകലനം ചെയ്യാൻ തുടങ്ങി. എന്നാൽ അക്കാലത്ത് ഇന്ത്യൻ വിപണി ഇന്നത്തെ പോലെ ശോഭയാർന്ന് നിൽക്കുകയല്ലായിരുന്നു. മനു മനേക് (ബ്ലാക്ക് കോബ്ര), ഹർഷാദ് മേത്ത (ബിഗ് ബുൾ) തുടങ്ങിയ ദലാൽ സ്ട്രീറ്റിലെ അറിയപ്പെടുന്ന വ്യക്തികളിൽ നിന്ന് അദ്ദേഹം കാര്യങ്ങൾ കൂടുതലായി മനസിലാക്കാൻ ശ്രമിച്ചു. ഹർഷദ് മേത്ത കൈകാര്യം ചെയ്ത ഓഹരികളിൽ പോലും  ദമാനി ഷോർട്ട് സെൽനടത്തിയിരുന്നു. മേത്തയുടെ ഓഹരികൾ എല്ലാം അമിത മൂല്യമുള്ളതാണെന്നും വെെകാതെ തിരുത്തൽ ഉണ്ടായേക്കുമെന്നും ദമാനി കണക്കുകൂട്ടിയിരുന്നു. 

1990ൽ ചന്ദ്രകാന്ത് സമ്പത്ത് എന്ന ഐതിഹാസിക മൂല്യനിക്ഷേപകനെ കണ്ടുമുട്ടിയതോടെ ദാമനിയുടെ നിക്ഷേപത്തിലെ അറിവ് ഇരട്ടിയായി വർദ്ധിച്ചു. വിഎസ്ടി ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, സുന്ദരം ഫിനാൻസ്, 3 എം ഇന്ത്യ, ഗില്ലറ്റ്, ഐടിസി, ഐസിആർഎ, ക്രിസിൽ, ബ്ലൂ ഡാർട്ട് എന്നീ ഓഹരികൾ ഇതോടെ ദമാനിയുടെ പോർട്ട്ഫോളിയോയിൽ ഇടംപിടിച്ചു. ഇന്ത്യൻ സ്വകാര്യ ബാങ്കിംഗ് മേഖലയിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സാധ്യത ദമാനി നേരത്തെ തിരിച്ചറിഞ്ഞു. ആ സമയം പി.സ്.യു ബാങ്കുകളായിരുന്നു ബാങ്കിംഗ് മേഖലയിൽ മുന്നിട്ട് നിന്നിരുന്നത്.

ഡി മാർട്ടിന്റെ തുടക്കം

ഒരു കമ്പനിയുടെ സാമ്പത്തിക വിശകലനം ചെയ്യുന്നതിലും  ബിസിനസ്സ് എങ്ങനെ കൈകാര്യം ചെയ്യാമെന്നും വളർത്താമെന്നും അറിയുന്നതിൽ ദമാനിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. 1999 -ൽ തന്റെ 45-ാം വയസ്സിൽ അപ്നാ ബസാർ സൂപ്പർമാർക്കറ്റുകളുടെ ഫ്രാഞ്ചൈസിയിൽ നിന്നാണ് അദ്ദേഹം ആദ്യം തന്റെ സംരംഭത്തിന് തുടക്കം കുറിച്ചത്.  പിന്നീട് അപ്നാ ബസാറുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും തുടർന്ന് 2002 ൽ ഡിമാർട്ട് എന്ന ഒറ്റ സ്റ്റോർ സൂപ്പർമാർക്കറ്റ് ആരംഭിക്കാനും അദ്ദേഹം തീരുമാനിച്ചു. ബിസിനസ്സിന്റെ അടിസ്ഥാനകാര്യങ്ങളിൽ ദാമനി എപ്പോഴും ശ്രദ്ധിച്ചിരുന്നു. 2002 മുതൽ 2010 വരെ ഈ സംരംഭത്തിന് 25 സ്റ്റോറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

2017ലാണ് ഡിമാർട്ട് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് വരുന്നത്. ഓഹരി ഒന്നിന് 299 രൂപ നിരക്കിൽ നൽകി കൊണ്ട് 1870 കോടി രൂപയാണ് കമ്പനി അന്ന് സമാഹരിച്ചത്. ഇപ്പോൾ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 238 സ്ഥലങ്ങളിൽ കമ്പനി പ്രവർത്തിച്ചുവരുന്നു. നിലവിൽ  3,960 രൂപ നിരക്കിലാണ് ഡിമാർട്ട് ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 5 വർഷം കൊണ്ട് നിക്ഷേപകർക്ക് 45 ശതമാനത്തിന്റെ വാർഷിക വളർച്ചാ നിരക്കാണ് ലഭിച്ചത്. 

പോർട്ട്ഫോളിയോ വിശകലനം

ഇപ്പോഴുള്ള അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലേക്ക് നോക്കാം. ഇതിലൂടെ പോർട്ട്‌ഫോളിയോ വിശകലനം ചെയ്തു കൊണ്ട് പ്രത്യേക പാറ്റേണുകൾ മനസിലാക്കാൻ ശ്രമിക്കാം.

നമുക്ക് അറിയാവുന്നത് പോലെ ദമാനിയാണ് ഡിമാർട്ടിന്റെ പ്രധാന പ്രൊമോട്ടർ. അദ്ദേഹത്തിന്റെ ഹോൾഡിംഗ് എന്നത് 166800 കോടി രൂപയാണ്. ഇത് അദ്ദേഹത്തിന്റെ  പോർട്ട്ഫോളിയോയുടെ 97 ശതമാനം വരും. അതിനാൽ തന്നെ ഇത് വിശകലനത്തിൽ നിന്നും ഒഴിവാക്കാം.

ദമാനി ഒരു യാഥാസ്ഥിതിക നിക്ഷേപകനാണെന്ന് നമുക്ക് കാണാൻ കഴിയും. നിലവിൽ, മിഡ് ക്യാപ് കമ്പനികളിലെ നിക്ഷേപം അദ്ദേഹത്തിന്റെ മൊത്തം പോർട്ട്‌ഫോളിയോയുടെ 55 ശതമാനമാണ്. ലാർജ് ക്യാപ്പ് കമ്പനികളിൽ 42 ശതമാനവും സ്മോൾ ക്യാപ്പിൽ 2 ശതമാനവും മാത്രമാണുള്ളത്. 

പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണം

StockSegment
Avenue SupermarketsRetail – Department Stores
VST IndustriesFMCG – Tobacco
India CementsCement
Sundaram FinanceConsumer Finance
Trent LtdRetail – Apparel
United BreweriesAlcoholic Beverages
3M IndiaStationery
Blue DartLogistics
Metropolis Health careHospitals & Diagnostic Centres
Sundaram Finance holdingsDiversified Financials
BF UtilitiesRenewable Energy
Astra MicrowaveCommunication & Networking
Mangalam OrganicsChemicals
Andhra PaperPaper Products

അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ചന്ദ്രകാന്ത് സമ്പത്തിന്റെ അതേ തത്ത്വമാണ് ദമാനി പിന്തുടർന്നത്.

വിഢികൾക്ക് പോലും മനസിലാക്കാൻ സാധിക്കുന്ന ബിസിനസുള്ള, തീരെ കടം കുറഞ്ഞ, മികച്ച പണം ഒഴുക്കുള്ള, അധികം ചെലവുകൾ ഇല്ലാത്ത കമ്പനിയുടെ ഓഹരി മാത്രമെ ഞാൻ വാങ്ങു.”

മുകളിലത്തെ വാചക പ്രകാരം ദമാനി വാങ്ങിയിട്ടുള്ള ഓഹരികൾ എല്ലാം തന്നെ കടരഹിതമാണ്. അല്ലെങ്കിൽ കടം കുറഞ്ഞതാണ്. അതിനൊപ്പം അദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ള മിഡ്, ലാർജ് ക്യാപ്പ് കമ്പനികൾ എല്ലാം മികച്ച നിലയിലാണുള്ളത്.

മുകളിൽ നൽകിയിട്ടുള്ള ഓഹരികൾ എല്ലാം തന്നെ വിപണിയിലെ സാഹചര്യങ്ങൾക്ക്  അനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. ഇത് പ്രകാരം നിഫ്റ്റി മുകളിലേക്കൊ താഴേക്കൊ 1 ശതമാനം നീങ്ങിയാൽ അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോ 1.8 ശതമാനം നീങ്ങും.

സമീപകാല നിക്ഷേപങ്ങൾ

കൊവിഡ് മഹാമാരിയെ തുടർന്ന് വിപണി ഇടിഞ്ഞതിന് പിന്നാലെ ദമാനി തന്റെ പോർട്ട്ഫോളിയോയിലേക്ക് ചില ഓഹരികൾ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ സിമന്റ്സ്, സൺ ഫാർമ, വോഡഫോൺ ഐഡിയ, HPCL, ഡെൽറ്റ കോർപ്, DLF എന്നീ ഓഹരികളാണ് അദ്ദേഹം ഇക്കാലയളവിൽ സ്വന്തമാക്കിയത്. 2020 ഓക്ടോബറിൽ അദ്ദേഹം കൊച്ചിൻ ഷിപ്പ് യാർഡിലും നിക്ഷേപം നടത്തിയിരുന്നു. 

പോർട്ട്ഫോളിയോ പ്രകടനം

പോയ കാലങ്ങളിൽ ദമാനിയുടെ പോർട്ട്ഫോളിയോ പ്രകടനം വളരെ ആവേശം കൊള്ളിക്കുന്നതാണ്. നിഫ്റ്റി 500-നെ ഇതുമായി താരതമ്യം ചെയ്യാവുന്നതാണ്. ട്രെൻഡ്ലെെനിൽ നിങ്ങൾക്ക് ദമാനിയുടെ പോർട്ട്ഫോളിയോ സന്ദർശിക്കാവുന്നതാണ്. 

കഴിഞ്ഞ ഒരു വർഷമായി നിഫ്റ്റി 500ന് മേൽ ദമാനിയുടെ പോർട്ട്ഫോളിയോ 56 ശതമാനം മുതൽ 40 ശതമാനം വരെ ചലനങ്ങൾ ഉണ്ടാക്കി നൽകി. രസകരമെന്നു പറയട്ടെ കഴിഞ്ഞ 5 വർഷമായി ഇരുവരും സമാനമായ രീതിയിൽ പ്രകടനം നടത്തി വരികയാണ്. 

നിഗമനം

ഒരു നിക്ഷേപകനെന്ന നിലയിൽ ദമാനിയുടെ ജീവിതത്തിൽ നിന്നും നമുക്ക് അനേകം കാര്യങ്ങൾ പഠിക്കാനാകും. അദ്ദഹത്തിന് യാഥാസ്ഥികതയും ക്ഷമയും അച്ചടക്കവുമുണ്ടായിരുന്നു. ഓഹരികളെ തിരിച്ചറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏവരും കണ്ട് പഠിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയുമായി താരതമ്യം ചെയ്തു കൊണ്ട് നിങ്ങളുടെ പോർട്ട്ഫോളിയോയുടെ പോരായ്മകൾ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നതാണ്.

ഒരു കാര്യം എപ്പോഴും ശ്രദ്ധിക്കുക. ദമാനി ഒരു ഓഹരി വാങ്ങിയെന്ന് കേട്ടാൽ ചാടികയറി അത് വാങ്ങാതെ ഇരിക്കുക. പകരം ആ ഓഹരിയെ പറ്റി പഠിക്കാനും മനസിലാക്കാനും ശ്രമിക്കുക. തുടർന്ന് കമ്പനിയുടെ ബിസിനസിനെ പറ്റിയും സാധ്യതകളെ പറ്റിയും മനസിലാക്കി മാത്രം നിക്ഷേപം നടത്തുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023