ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്, 1.41 ലക്ഷം കോടി രൂപയായി
ഏപ്രിൽ മാസത്തിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.41 ലക്ഷം കോടി രൂപയായി. മാർച്ച് മാസത്തേക്കാൾ 14 ശതമാനം വർദ്ധനവാണ് ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയത്. മൊത്തം കളക്ഷനുകളിൽ, സെൻട്രൽ ജിഎസ്ടി 27,837 കോടി രൂപയും, സ്റ്റേറ്റ് ജിഎസ്ടി 35,621 കോടി രൂപയും, ഐജിഎസ്ടി 68,481 കോടി രൂപയുമാണ്.
വിവിധ കമ്പനികളുടെ ഓട്ടോ സെയിൽ കണക്കുകൾ
ഏപ്രിൽ മാസം മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 4.3 ശതമാനം കുറഞ്ഞ് 159691 യൂണിറ്റായി. ഇതേകാലയളവിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 7 ശതമാനം ഇടിഞ്ഞ് 1.35 ലക്ഷം യൂണിറ്റായി.
ഏപ്രിൽ മാസം ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വാഹന വിൽപ്പന 25095 യൂണിറ്റായി. മാർച്ച് മാസത്തേക്കാൾ 15 ശതമാനം കുറവാണിത്. കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പന 41 ശതമാനം ഇടിഞ്ഞ് 39530 യൂണിറ്റായി.
ഏപ്രിൽ മാസം മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മൊത്തം വിൽപ്പന 18285 യൂണിറ്റായി. ഇതേകാലയളവിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മുൻ മാസത്തേക്കാൾ 9.5 ശതമാനം ഉയർന്നു.
എസ്കോർട്ട്സ് ലിമിറ്റഡിന്റെ ട്രാക്ടർ വിൽപ്പന മുൻ മാസത്തെ അപേക്ഷിച്ച് 43 ശതമാനം ഇടിഞ്ഞ് 6979 യൂണിറ്റായി.
ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിച്ച് റിലയൻസ്
പ്രതിദിന ഓക്സിജൻ ഉത്പാദനം 700 മെട്രിക് ടണ്ണിൽ നിന്നും 1000 ആയി ഉയർത്തി റിലയൻസ്. ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 11 ശതമാനമാണിത്. ഇതിലൂടെ ദിവസേന ഒരു ലക്ഷം പേർക്കുള്ള ഓക്സിജൻ സൗജന്യമായി നൽകുമെന്നും റിലയൻസ് വ്യക്തമാക്കി.
ബിസിനസ് നേതൃത്വത്തിൽ മാറ്റം വരുത്തുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ
ബാങ്കിന്റെ ബിസിനസ് മോഡലിലും നേതൃത്വത്തിലും മാറ്റങ്ങൾ വരുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ ശശിധർ ജഗദീശൻ പറഞ്ഞു. ബിസിനസ് വെർട്ടിക്കിൾ, ഡെലിവറി ചാനലുകൾ, ടെക്നോളജി എന്നീ മൂന്ന് മേഖലകളിലായി ഇത് ക്രമീകരിക്കും. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയുടെ വെെദ്യുതി ഉപഭോഗം 41 ശതമാനം ഉയർന്നു
ഏപ്രിൽ മാസം ഇന്ത്യയുടെ പ്രതിവർഷ വെെദ്യുതി ഉപഭോഗം 41 ശതമാനം വർദ്ധിച്ച് 119.27 ബില്യൺ യൂണിറ്റായി. പോയവർഷം ഇതേകാലയളവിൽ ഇത് 84.55 ബില്യൺ യൂണിറ്റായിരുന്നു. വെെദ്യുതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
സെൻ ടെക്നോളജീസ് ക്യു 4 ഫലം, അറ്റാദായം 4.5 ശതമാനം ഇടിഞ്ഞു
മാർച്ചിലെ നാലാം പാദത്തിൽ സെൻ ടെക്നോളജീസിന്റെ അറ്റാദായം
മുൻപാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിഞ്ഞ് 1.83 കോടി രൂപയായി. ഇതേകാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിച്ച് 22.44 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 0.10 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
സി.എസ്.ഡി.എൽ ക്യു 4 ഫലം, അറ്റാദായം 81 ശതമാനം വർദ്ധിച്ച് 51.6 കോടി രൂപയായി
മാർച്ചിലെ നാലാം പാദത്തിൽ സി.എസ്.ഡി.എല്ലിന്റെ പ്രതിവർഷ അറ്റാദായം 81 ശതമാനം വർദ്ധിച്ച് 51.6 കോടി രൂപയായി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 4 ശതമാനം ഇടിഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 51 ശതമാനം വർദ്ധിച്ച് 110.25 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 9 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
മേരുവിന്റെ 100 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങി മഹീന്ദ്ര ആന്റ് മഹീന്ദ്ര
മേരുവിലെ അധികമുള്ള ഓഹരി കൂടി ഏറ്റെടുക്കാൻ ഒരുങ്ങി മഹീന്ദ്ര ആന്റ് മഹീന്ദ്ര. നിലവിൽ കമ്പനിയുടെ 43.20 ശതമാനം ഓഹരിയാണ് മഹീന്ദ്ര കെെവശം വച്ചിട്ടുള്ളത്.