ആഗോള കോർപ്പറേറ്റ് നികുതി നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി ജി 7 രാജ്യങ്ങൾ, കൂടുതൽ അറിയാം

Home
editorial
global-minimum-tax-rate-proposed-for-corporates-all-you-need-to-know
undefined

ആഗോള കോർപ്പറേറ്റ് നികുതി രീതി പൊളിച്ചെഴുതാൻ തീരമാനമെടുത്ത് ജി 7 രാജ്യങ്ങൾ. ജൂൺ 5ന്  ലണ്ടനിൽ നടന്ന ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ഇത് നികുതി വെട്ടിപ്പ് തടയുകയും ബിസിനസ്സ് നടത്തുന്ന  രാജ്യങ്ങളിൽത്തന്നെ നികുതി നൽകാൻ കമ്പനികളെ  പ്രേരിപ്പിക്കുകയും ചെയ്യും.

എന്താണ് ആഗോള നികുതി നിരക്കിലേക്ക് നയിച്ച കാരണം? ഇത് വമ്പൻ കോർപ്പറേറ്റ് സ്ഥാപനങ്ങളെ ഏത് രീതിയൽ ബാധിക്കും? മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നു. 

മിനിമം നികുതി നിരക്ക് നടപ്പാക്കാനുള്ള കാരണം

പതിറ്റാണ്ടുകളായി വമ്പൻ കമ്പനികൾ എല്ലാം തന്നെയും തങ്ങളുടെ ലാഭം നികുതി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാറ്റി സംഭരിക്കുന്നതായി കാണാം. ഇത്തരം കമ്പനികൾക്ക് ലോകം മുഴുവൻ വിവിധ ശാഖകൾ ഉണ്ടാകും. ഇതിനാൽ  വളരെ കുറഞ്ഞ നികുതി ഈടാക്കുന്ന രാജ്യങ്ങളിലേക്ക്  സുഗമമായി തന്നെ ഇവർക്ക് പണം കെെമാറ്റം ചെയ്യാൻ സാധിക്കും. വലിയ കമ്പനികൾ കോർപ്പറേറ്റ് നികുതി കുറഞ്ഞ (12.5%) രാജ്യമായ അയർലാൻഡിലേക്ക് തങ്ങളുടെ ലാഭം അയക്കുമായിരുന്നു. ആമസോൺ, ഗൂഗിൾ, ഫേസ്ബുക്ക്, ആപ്പിൾ തുടങ്ങിയ നിരവധി കമ്പനികൾ ഇത് നടത്തിവരുന്നതായി പറയുന്നു. കൊവിഡ് മൂലം പ്രതിസന്ധി നേരിട്ടുവരികയാണ് എല്ലാ സർക്കാരുകളും. ഇത്തരം നികുതി വെട്ടിപ്പിലൂടെ പ്രതിവർഷം പതിനായിരക്കണക്കിന് ഡോളർ വരുമാനമാണ് അധികൃതർക്ക്  നഷ്ടമാകുന്നത്.

യുഎസ്, ജപ്പാൻ, ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി, കാനഡ തുടങ്ങിയ ജി 7 രാജ്യങ്ങളാണ് ഈ പ്രശ്നം മുന്നോട്ട് വച്ചത്. ആഗോള മിനിമം കോർപ്പറേറ്റ് നികുതി സ്വീകരിക്കാൻ എല്ലാ വികസിത രാജ്യങ്ങളോടും യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ പറഞ്ഞു. വിദേശ കമ്പനികളെ ആകർഷിക്കുന്നതിനായി നികുതി നിരക്കുകൾ കുറയ്ക്കുന്നതിന് രാജ്യങ്ങൾ അവലംബിച്ച രീതിയെ ഇത് പിന്നോട്ട് വലിച്ചേക്കും.

പുതിയ നിർദേശം

ലണ്ടനിൽ നടന്ന ജി 7 സമ്മേളനത്തിലാണ് പുതിയ ആഗോള നികുതി സംവിധാനം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.

  • ലാഭം എവിടെ നിന്നും ലഭിച്ചുവെന്നത് പരിഗണിക്കാതെ ഭീമൻ കമ്പനികളിൽ നിന്ന് കുറഞ്ഞത് 15 ശതമാനം കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഈടക്കണം. ഉദാഹരണത്തിന് യുഎസ് കമ്പനിയായ ഗൂഗിൽ അഥവ ആമസോൺ മറ്റു രാജ്യങ്ങളിൽ നിന്നും സ്വന്തമാക്കുന്ന പണത്തിന്റെ 15 ശതമാനം നികുതി യുഎസിന് നൽകേണ്ടി വരും. നികുതി  കുറവുള്ള പ്രദേശങ്ങളിലേക്ക് ലാഭം മാറ്റുന്ന കമ്പനികളുടെ രീതി തടയാൻ ഇത് സഹായകരമാകും.
  • വൻകിട കമ്പനികൾ നേടുന്ന ലാഭത്തിന്റെ ഒരു വിഹിതം നികുതിയായി ചുമത്താൻ രാജ്യങ്ങളെ അനുവദിക്കുക എന്നതാണ് നിർദ്ദേശത്തിന്റെ രണ്ടാം ഭാഗം. ഇതിനാൽ കമ്പനികൾ പ്രവർത്തിക്കുന്ന രാജ്യത്തിനും നികുതി നൽകേണ്ടി വരും. ഉദാഹരണത്തിന്  ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആമസോൺ, ഗൂഗിൾ പോലെയുള്ള കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം നികുതിയായി ഇന്ത്യയ്ക്ക് നൽകണം.

ആഗോള മിനിമം നികുതി ഘടന രാജ്യങ്ങൾ അംഗീകരിച്ചാൽ
സർക്കാരുകൾക്ക് അവരുടെ സ്വന്തം പ്രാദേശിക കോർപ്പറേറ്റ് നികുതി നിരക്കുകൾ നിശ്ചയിക്കാൻ സാധിക്കും.  വൻകിട കമ്പനികൾ ഒരു പ്രത്യേക രാജ്യത്ത് കുറഞ്ഞ നികുതി നൽകുന്നത് തുടരുകയാണെങ്കിൽ, അവരുടെ ആഭ്യന്തര സർക്കാരുകൾക്ക്  നികുതികൾ  മിനിമം നിരക്കിലേക്ക് ഉയർത്താം. ഇത് ലാഭം നികുതി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാറ്റുന്നതിലൂടെ ഉണ്ടാക്കുന്ന നേട്ടം ഇല്ലാതെയാക്കുന്നു. വമ്പൻ കമ്പനികൾ, പ്രത്യേകിച്ച് ഐടി സ്ഥാപനങ്ങൾ ഇനി മുതൽ കൂടുതൽ നികുതി നൽകേണ്ടി വരും. ഇത് കമ്പനിയുടെ മൊത്ത ലാഭത്തെ സാരമായി ബാധിച്ചേക്കും.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

2019ൽ ആഭ്യന്തര കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 22 ശതമാനം വെട്ടിക്കുറച്ചതായി ഇന്ത്യയുടെ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുതിയ ആഭ്യന്തര ഉത്പാദന സ്ഥാപനങ്ങളുടെ നികുതി നിരക്കും 15 ശതമാനമായി കുറച്ചു. രാജ്യത്ത് നിക്ഷേപ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനാണ് സർക്കാർ നികുതി നിരക്ക് വെട്ടിക്കുറച്ചത്. ഇന്ത്യൻ ആഭ്യന്തര കമ്പനികൾക്കുള്ള  നികുതി നിരക്ക്  25.17 ശതമാനമാണ്.

ഇന്ത്യയിലെ കോർപ്പറേറ്റ് നികുതി നിരക്ക്  ആഗോള മിനിമം നിരക്കായ 15 ശതമാനത്തിന് തുല്യമോ അതിൽ കൂടുതലോ ആണ്.  ഈ സ്ഥാപനങ്ങൾ ഇതിനകം തന്നെ നികുതി അടയ്ക്കുന്നതിനാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളെ ഇത് ബാധിക്കില്ല. എന്നാൽ  തങ്ങളുടെ ലാഭം ഇന്ത്യയിലേക്ക് മാറ്റുന്നതിലൂടെ അവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യവും ലഭിക്കില്ല.  ഐടി സ്ഥാപനങ്ങളുടെ വിപണിയായതിനാൽ തന്നെ ഇന്ത്യയ്ക്ക് ഇത് നേട്ടമുണ്ടാകുമെന്ന് നികുതി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നിർദേശം പരിശോധിച്ചതിന് ശേഷം കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനം കെെകൊള്ളും. ഇന്ത്യയിൽ അത്തരം ഒരു നികുതി നയം നടപ്പാക്കുന്നതിൽ ഏറെ പ്രശ്നങ്ങൾ നിലനിൽക്കുന്നു. മാത്രമല്ല ഇരട്ടനികുതി ഒഴിവാക്കുന്നതിനും നികുതി പഴുതുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നടപ്പാക്കുന്നതിനായും ഇന്ത്യ ഇതിനകം തന്നെ വിദേശ സർക്കാരുകളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ നിർദ്ദിഷ്ട ആഗോള നികുതി നിരക്ക് രാജ്യത്തിന് അധിക ആനുകൂല്യങ്ങൾ നൽകില്ല. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റു രാജ്യങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയേക്കും.

നിഗമനം

ജി 7 രാജ്യങ്ങൾ സംയുക്തമായി  ഈ നിർദേശം അംഗീകരിച്ചു. ഇതിന് പിന്നാലെ കൂടുതൽ ചർച്ചകൾക്ക് ശേഷം മറ്റു രാജ്യങ്ങളും ഇവർക്കൊപ്പം ചേർന്നേക്കാം. അടുത്ത മാസം ജി20 ഉച്ചകോടിയിൽ പുതിയ തീരുമാനം അവതരിപ്പിക്കും. കരാർ പൂർണമായും നടപ്പാക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കും.

ആഗോള മിനിമം നികുതി നിരക്ക് ഏർപ്പെടുത്തുന്നതിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. കുറഞ്ഞ കോർപ്പറേറ്റ് നികുതി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ  അയർലണ്ടും കരീബിയൻ രാജ്യങ്ങളും വൻ നേട്ടം കെെവരിച്ചിട്ടുണ്ട്. കരാർ നടപ്പാക്കുന്നത് തങ്ങളുടെ സാമ്പത്തിക മാതൃകയെ തകർക്കുമെന്നും ഈ രാജ്യങ്ങൾ പറയുന്നു. ചൈന പോലുള്ള നിരവധി രാജ്യങ്ങൾ ജി 7 നടപടികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും അതിനെ പിന്തുണയ്ക്കാൻ  സാധ്യതയില്ല. കൂടുതൽ വികസിത രാജ്യങ്ങൾ കരാർ ഒപ്പിട്ടാൽ, മറ്റ് രാജ്യങ്ങളും ഇതിന്റെ ഭാഗമായേക്കും.

കോർപ്പറേറ്റ് നികുതിയുടെ ദുരുപയോഗം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് മറ്റു ചില രാജ്യങ്ങൾ വാദിക്കുന്നു.  ആഗോള മിനിമം നികുതി നിരക്കിനെക്കുറിച്ചുള്ള ചർച്ചകൾ ക്ഷമയോടെ വീക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ അഭിപ്രായം എന്ത് തന്നെയായാലും കമന്റ് ചെയ്ത് അറിയിക്കുക. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023