ഇന്ത്യയിലെ മുൻനിര സ്പോർട്സ് ഫൂട് വെയർ നിർമാണ കമ്പനിയാണ് ക്യാമ്പസ് ആക്ടീവ് വെയർ ലിമിറ്റഡ്. കമ്പനി തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി എത്തിയിരിക്കുകയാണ്. ഏപ്രിൽ 26ന് ആരംഭിച്ച ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
Campus Activewear Ltd
2021 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ക്യാമ്പസ് ആക്ടീവ് ലിമിറ്റഡ് എന്നത് രാജ്യത്തെ ഏറ്റവും വലിയ സ്പോർട്സ് ഫൂട് വെയർ കമ്പനിയാണ്. 2005ൽ പ്രവർത്തനം ആരംഭിച്ച കമ്പനി റണ്ണിംഗ് ഷൂസ്, വാക്കിംഗ് ഷൂസ്, കാഷ്വൽ ഷൂസ്, ഫ്ലോട്ടറുകൾ, സ്ലിപ്പറുകൾ, ഫ്ലിപ്പ് ഫ്ലോപ്പുകൾ, ചെരിപ്പുകൾ എന്നിവയുടെ വിപുലമായ ശ്രേണി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. വിവിധ നിറങ്ങളിൽ കമ്പനി ഇത് അവതരിപ്പിച്ച് വരുന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങൾ വ്യത്യസ്ത വിലകളിൽ, വ്യത്യസ്ഥ സ്ഥാനങ്ങളിലുള്ള, വ്യത്യസ്ഥ പ്രായക്കാരെ ലക്ഷ്യമിടുന്നു. 2021ലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം കമ്പനി 1433 പുരുഷന്മാരുടെ ഫൂട് വെയറുകളും 241 സ്ത്രീകളുടെ ഫൂട് വെയറുകളും 485 കുട്ടികളുടെ ഫൂട് വെയറുകളും വിറ്റഴിച്ചു.
ഷൂ വിപണിയിൽ ഏകദേശം 85 ശതമാനത്തിന് മുകളിൽ ഉള്ള മോഡലുകളെ കമ്പനി ആഡ്രസ് ചെയ്യുന്നു. ജോഡിക്ക് 500-3,500 രൂപ വിലയുള്ള ഷൂസാണ് കമ്പനി വിപണനം ചെയ്യുന്നത്. 2021 സാമ്പത്തിക വർഷം 1.3 കോടി ജോഡി ഫൂട് വെയറുകളാണ് കമ്പനി വിറ്റഴിച്ചത്.
ഇന്ത്യയിലുടനീളം അഞ്ച് നിർമ്മാണ കേന്ദ്രങ്ങളാണ് കമ്പനിക്ക് സ്വന്തമായുള്ളത്. 21 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സ്ഥാപിത വാർഷിക ശേഷി എന്നത് 2.88 കോടി ജോഡികളാണ്. ഓൺലൈൻ സ്റ്റോറുകളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് നിലവിൽ കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. കമ്പനിക്ക് ഇന്ത്യയിൽ 664 നഗരങ്ങളിലായി 425-ലധികം വിതരണക്കാരുടെയും 19,200 റീട്ടെയിലർമാരുടെയും ശൃംഖലയുണ്ട്.
2021 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം സ്പോർട് ബ്രാൻഡ് ഫൂട് വെയർ വിപണിയിൽ 17 ശതമാനത്തിന്റെ വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ്, അത്ലെഷർ ബ്രാൻഡായി ഉയർന്നുവരാനും ഓരോ പൗരന്റെയും ദൈനംദിന സജീവമായ ജീവിതശൈലിയുടെ ഭാഗമാകാനും കമ്പനി ലക്ഷ്യമിടുന്നു.
ഐപിഒ എങ്ങനെ?
ഏപ്രിൽ 26ന് ആരംഭിക്കുന്ന ഐപിഒ ഏപ്രിൽ 26ന് അവസാനിക്കും. ഓഹരി ഒന്നിന് 278-292 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും 1400.14 കോടി രൂപ വിലമതിക്കുന്ന 4.79 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 15 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,892 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 663 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.
പ്രൊമോട്ടർമാർക്ക് ഉള്ള ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്ന നിലയിലാണ് ഐപിഒ അവതിരിപ്പിക്കുന്നത്. എൻ.എസ്.ഇ, ബിഎസ്ഇ എന്നിവയിൽ ലിസ്റ്റ് ചെയ്ത് കൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 78.21 ശതമാനത്തിൽ നിന്നും 74.1 ശതമാനമായി കുറയും.
സാമ്പത്തികം
* | March 31, 2019 (FY19) | March 31, 2020 (FY20) | March 31, 2021 (FY21) |
Total Assets | 505.55 | 719.22 | 684.75 |
Total Income | 596.69 | 734.11 | 715.08 |
Profit After Tax | 38.6 | 62.36 | 26.86 |
2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 26.86 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ വരുമാനം 2.6 ശതമാനം ഇടിഞ്ഞ് 715.08 കോടി രൂപയായി. കൊവിഡ് മൂലം താത്ക്കാലികമായി കമ്പനിയുടെ നിർമാണ കേന്ദ്രങ്ങൾ അടച്ചിട്ടത് കമ്പനിയെ പ്രതികൂലമായി ബിധിച്ചിരുന്നു. ഉൽപ്പാദനം ഒന്നുമില്ലാത്ത കാലയളവിലും ഏകദേശം അഞ്ച് മാസത്തോളവും പേയ്മെന്റുകൾക്കൊപ്പം ജീവനക്കാർക്ക് ശമ്പളം നൽകിയതെല്ലാം തന്നെ ഇതിന് കാരണമായേക്കാം.
2022 സാമ്പത്തിക വർഷം ഡിസംബർ പാദത്തിൽ കമ്പനി മികച്ച ഫലങ്ങളാണ് പുറത്തുവിട്ടത്. അറ്റാദായം 403 ശതമാനം വർദ്ധിച്ച് 84.80 കോടി രൂപയായി. അതേസമയം പ്രതിവർഷ വരുമാനം 93 ശതമാനം വർദ്ധിച്ച് 841.8 കോടി രൂപയായി. പ്രതിവർഷ EBITDA 204 ശതമാനം വർദ്ധിച്ച് 165.2 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ ഒരു ജോഡി ഷൂവിന്റെ ശരാശരി വിൽപ്പന വില എന്നത് 615 രൂപയായി. പോയവർഷം ഇതേകാലയളവിൽ ഇത് 533 രൂപയായിരുന്നു. ഡിസംബറിലെ മൊത്തം കടം എന്നത് 174.1 കോടി രൂപയായിരുന്നു.
അപകട സാധ്യതകൾ
- ഡയറക്ട്-ടു-കൺസ്യൂമർ (D2C) ചാനലുകളെ ആശ്രയിച്ചാണ് കമ്പനിയുടെ ഭൂരിഭാഗം വിൽപ്പനയും വിതരണവും നടക്കുന്നത്. വിതരണത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള എന്തെങ്കിലും തടസം കമ്പനിയുടെ ബിസിനസിനെ ബാധിച്ചേക്കും.
- വളരെ മത്സരം നിറഞ്ഞ ഒരു മേഖലയാണ് സ്പോർട്സ് ഫൂട് വെയർ. കാലത്തിന് അനുസരിച്ച് വിവിധ തരം ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ സാധിക്കാതെ പോയാൽ കമ്പനിയെ അത് പ്രതികൂലമായി ബാധിച്ചേക്കും.
- ട്രെൻഡിനൊപ്പം നിൽക്കാൻ സാധിച്ചില്ലെങ്കിൽ കമ്പനിയുടെ വിൽപ്പനയെ അത് സാരമായി ബാധിച്ചേക്കും.
- കമ്പനിയുടെ ശരാശരി വിൽപ്പന വില എന്നത് കാലത്തിന് അനുസരിച്ച് മാറികൊണ്ടിരിക്കും. പഴയ കണക്കുകളിലേക്ക് നോക്കിയാൽ ഒന്ന്, രണ്ട് പാദങ്ങളിൽ വിലപ്പന വോള്യം മൂന്ന്, നാല് പാദങ്ങളെ അപേക്ഷിച്ച് കുറവാണ്.
- വെയർഹൗസിംഗിലെയും ലോജിസ്റ്റിക്സിലെയും എന്തെങ്കിലും തടസ്സങ്ങൾ കമ്പനിയുടെ മൊത്തത്തിലുള്ള ബിസിനസിനെ സാരമായി ബാധിച്ചേക്കും.
- ഉപഭോക്താക്കളിൽ നിന്നുള്ള വിലനിർണ്ണയ സമ്മർദ്ദം കമ്പനിയുടെ മൊത്തത്തിലുള്ള മാർജിൻ, ലാഭക്ഷമത, വില വർദ്ധിപ്പിക്കാനുള്ള കഴിവ് എന്നിവയെ ബാധിച്ചേക്കാം.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
IPO Date | April 26, 2022 – April 28, 2022 |
Issue Type | Book Built Issue IPO |
Face Value | Rs 5 per equity share |
IPO Price | Rs 278 to Rs 292 per equity share |
Lot Size | 51 shares |
Issue Size | Aggregating up to Rs 1,400.14 crore |
Offer for Sale (goes to promoters) | Aggregating up to Rs 1,400.14 crore |
Listing At | NSE, BSE |
JM ഫിനാൻഷ്യൽ, BofA സെക്യൂരിറ്റീസ്, CLSA ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഏപ്രിൽ എട്ടിനാണ് കമ്പനി ഐപിഒ നടത്തുന്നതിനായി സെബിക്ക് അപേക്ഷ സമർപ്പിച്ചിരുന്നത്. ഇത് വായിക്കുവായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.
നിഗമനം
ടെക്നോപാക് റിപ്പോർട്ട് പ്രകാരം സ്പോർട്സ് & അത്ലീഷർ (എസ്&എ) പാദരക്ഷ വിപണി 21 ശതമാനം മുതൽ 22,000 കോടി രൂപ വരെ സിഎജിആർ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ഥ വില പോയിന്റുകളിൽ രാജ്യത്തെ എസ്&എ പാദരക്ഷ വിപണിയുടെ വലിയൊരു ഭാഗം കാമ്പസ് ആക്റ്റീവ്വെയറിന്റെ ഉൽപ്പന്നങ്ങൾ കൈയാളുന്നു. കമ്പനിയുടെ ഇൻ-ഹൗസ് നിർമ്മാണ, അസംബ്ലി കഴിവുകൾ ഉൽപ്പന്നങ്ങളുടെ എല്ലാ റൗണ്ട് ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാൻ അവരെ അനുവദിക്കുന്നു.
അന്താരാഷ്ട്ര ബ്രാൻഡുകളായ നൈക്ക്, അഡിഡാസ്, പ്യൂമ എന്നിവയിൽ നിന്നും ശക്തമായ മത്സരമാണ് വിപണിയിൽ ഉണ്ടാകുന്നത്. ഇന്ത്യൻ ബ്രാൻഡുകളായ ബാറ്റ ഇന്ത്യ, റിലാക്സോ ഫുട്വെയർ, മെട്രോ ബ്രാൻഡുകൾ എന്നിവയിൽ നിന്നും കമ്പനി ശക്തമായ മത്സരം നേരിട്ടുവരുന്നു. ഏതൊരു പ്രൈസിംഗ് സെഗ്മെന്റിലും വളർച്ച നേടുക എന്നത് കമ്പനിക്ക് കഠിനകരമായേക്കും.
ഗ്രേ മാർക്കറ്റിൽ 85 രൂപ നിരക്കിലാണ് കമ്പനിയുടെ ഓഹരി ട്രേഡ് ചെയ്യുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തുക.
ക്യാമ്പസ് ആക്ടീവ് വെയർ ലിമിറ്റഡ് ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് ? കമന്റ് ചെയ്ത് അറിയിക്കുക.