ഇന്നത്തെ വിപണി വിശകലനം
രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി ബജറ്റ് ദിവസം.
ഗ്യാപ്പ് അപ്പിൽ 17534 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 200 പോയിന്റുകൾക്ക് മുകളിലായാണ് വ്യാപാരം ആരംഭിച്ചത്. ബജറ്റ് പ്രഖ്യാപന സമയം 170 പോയിന്റുകൾക്ക് ഉള്ളിൽ സൂചികയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടു. പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെ സൂചിക താഴേക്ക് കൂപ്പുകുത്തി. എന്നാൽ അവസാന നിമിഷം സൂചിക തിരികെ കയറിയ കാഴ്ചയാണ് കാണാനായത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 237 പോയിന്റുകൾ/ 1.37 ശതമാനം മുകളിലായി 17576 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി വലിയ ഗ്യാപ്പ് അപ്പിൽ 38495 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 1 മണിവരെ 600 പോയിന്റുകൾക്ക് ഉള്ളിൽ വ്യാപാരം നടത്തി. ശേഷം ദിവസത്തെ താഴ്ന്നനില മറികടന്ന സൂചിക ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 1110 പോയിന്റുകൾ താഴേക്ക് വീണു. ശേഷം 2 മണിക്കൂറുകൾ കൊണ്ട് സൂചിക തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 505 പോയിന്റുകൾ/ 1.4 ശതമാനം മുകളിലായി 38505 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമയ്ക്ക് ഒപ്പം നിഫ്റ്റി മെറ്റൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി എന്നിവയും നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Tata Steel (+7.5%), Hindalco (+4.5%), JSW Steel (+4%) എന്നിവ നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകി. സ്റ്റീൽ സ്ക്രാപ്പിന്റെ തീരുവ ഇളവ് ബജറ്റിൽ നീട്ടിയത് ഇടത്തരം ചെറുകിട സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യും.
Jindal Steel (+6.5%), Vedanta (+5.1%) , SAIL (+4.9%), NMDC (+4.7%), National Aluminium (+4.2%) എന്നീ ഓഹരികളും മുന്നേറ്റം നടത്തി.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മൂലധനച്ചെലവ് സർക്കാർ വർധിപ്പിച്ചതോടെ, മെറ്റൽ സ്റ്റോക്കുകൾക്കൊപ്പം സിമന്റ്, നിർമാണ ഓഹരികളും കുതിച്ചുകയറി. UltraTech Cements (+4.1%), L&T (+4.2%), Shree Cements (+5%) എന്നിവ നേട്ടത്തിൽ അടച്ചു.
Grasim (+2.5%), Ambuja Cem (+4.1%), India Cements (+3.5%), Ramco Cements (+3%), Dalmia Bharat (+6.7%) എന്നീ ഓഹരികളും നേട്ടം കെെവരിച്ചു.
മൂന്നാം പാദത്തിൽ അറ്റാദായം 11 ശതമാനം വർദ്ധിച്ച് 2058 കോടി രൂപയായതിന് പിന്നാലെ SunPharma (+6.8%) നേട്ടം കെെവരിച്ചു. ഓഹരി 6 വർഷത്തെ ഉയർന്ന നിലയിലാണുള്ളത്.
നഷ്ടങ്ങൾ നികത്തി തിരികെ കയറിയ IndusInd Bank (+5.7%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
അറ്റാദായം 47 ശതമാനം വർദ്ധിച്ച് 2805 കോടി രൂപയായതിന് പിന്നാലെ BPCL (-4.5%) ഓഹരിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അരങ്ങേറി. IOC(-2.7%) HindPetro (-7.2%) എന്നിവയും താഴേക്ക് വീണു.
ഇന്നലെ മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നലെ Tata Motors (-2.6%) ഓഹരി താഴേക്ക് വീണു. M&M(-1.8%), Ashok Leyland (-1.5%) എന്നിവയും താഴേക്ക് വീണു.
മൊത്തം വിൽപ്പന കഴിഞ്ഞ മാസത്തേക്കാൾ 5 ശതമാനം വർദ്ധിച്ചതിന് പിന്നാലെ TVS Motors (+3.2%) ഓഹരി നേട്ടത്തിൽ അടച്ചു.
സിഗരറ്റ്, പുകയില എന്നിവയുടെ നികുതി ബജറ്റിൽ വർദ്ധിപ്പിക്കാത്തതിനെ തുടർന്ന് ITC (+3.4%) ഓഹരി 7 ആഴ്ചത്തെ ഉയർന്ന നില രേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ബജറ്റാണ് കഴിഞ്ഞു പോയത്. ബജറ്റ് സംബന്ധിച്ച മാർക്കറ്റ്ഫീഡ് അപ്പ്ഡേറ്റ്സ് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.
ജനുവരിയിലെ ഇന്ത്യയുടെ മാനുഫാക്ചറിംഗ് പിഎംഐ 54 ആയി രേഖപ്പെടുത്തി. ഡിസംബർ മാസം ഇത് 55.5 ആയിരുന്നു. ജനുവരിയിലെ ജിഎസ്ടി വരുമാനം എന്നത് 1.40 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. ഇത് എക്കാലത്തെയും ഉയർന്ന കണക്കാണ്. ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിൽ ആണെന്നും മന്ത്രി സൂചിപ്പിച്ചു.
വിക്സ് 9 ശതമാനം കുത്തനെ ഇടിഞ്ഞതിനാൽ തന്നെ അനേകം ഓപ്ഷൻ ബെെയേഴ്സിന്റെ പണം നഷ്ടപ്പെട്ടിട്ടുണ്ടാകും. കഴിഞ്ഞ വർഷത്തെ പോലെ സൂചികയിൽ വലിയ മുന്നേറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിച്ച് പോസിഷനുകൾ ഹോൾഡ് ചെയ്തവർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടാകാം.
ദിവസത്തെ ചാർട്ടിൽ ബാങ്ക് നിഫ്റ്റി ബ്രേക്ക് ഔട്ട് നടത്തിയിട്ടുള്ളതായി കാണാം. അതിനാൽ തന്നെ സൂചികയിൽ നാളെ ഗ്യാപ്പ് അപ്പ് ഓപ്പണിംഗുള്ള സാധ്യത കാണുന്നു. ഇന്നത്തെ ഉയർന്ന നില മറികടന്ന് സൂചിക മുന്നേറിയാൽ കൂടുതൽ ഉയരങ്ങൾ കീഴടക്കിയേക്കും.
ജനുവരിയിലെ പതനത്തിൽ നിന്നും ഐടി മേഖല തിരികെ കയറുന്നതായി കാണാം. അസംസ്കൃത വസ്തുക്കളുടെ വില ശക്തിപ്രാപിക്കുന്നതിനാൽ റിലയൻസ് ഉൾപ്പെടെയുള്ള ക്രൂഡ് ഓയിൽ ഓഹരികൾ വരുംദിവസങ്ങളിൽ നിഫ്റ്റിയെ കെെപിടിച്ച് ഉയർത്തിയേക്കാം.
നിങ്ങൾ ഇന്ന് ട്രേഡ് നടത്തി നേട്ടം കൊയ്തിരുന്നോ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.