പെട്രോളിനെ വെല്ലുന്ന പവറുമായി ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ, ഇലക്ട്രിക് കാറുകളുടെ ഭാവി മങ്ങിയേക്കും?

Home
editorial
are-hydrogen-powered-cars-the-future
undefined

വായുമലിനീകരണത്തിന് കാരണമാകുന്ന  പെട്രോൾ ഡീസൽ വാഹനങ്ങളിൽ നിന്നും  ഇലക്ട്രിക് വാഹനങ്ങളിലേക്കൊ ഹരിത ഇന്ധന വാഹനങ്ങളിലേക്കൊ മാറുന്നതിനായി ലോക രാജ്യങ്ങൾ അക്ഷീണ പ്രയത്നം നടത്തി വരികയാണ്. അടുത്ത 30 വർഷത്തിനുള്ളിൽ രാജ്യത്ത് നിന്ന് പൂർണമായും കാർബണെ തുടച്ചുമാറ്റുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. 2022 ഓടെ 175 ജിഗാവാട്ട്  പുനരുപയോഗ  ഊർജ്ജ ശേഷി കൈവരിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2021-22  കേന്ദ്ര ബജറ്റ് ഇതിന് പ്രചോദനം നൽകുന്നതായി കാണാം.


പെട്രോൾ ഡീസൽ വാഹനങ്ങളോടുള്ള ജനങ്ങളുടെ സമീപനവും മാറുന്നതായി കാണാം. ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പന വർദ്ധിച്ചുവരികയാണ്. ഇതിനാെപ്പം പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ ഹരിത ഇന്ധനത്തിൽ ഓടുന്ന കാറുകൾ നിർമ്മിക്കുവാൻ കൂടുതൽ നിക്ഷേപം നടത്തുന്നതും ശ്രദ്ധേയമാണ്.  ടൊയോട്ട, ഹ്യുണ്ടായി തുടങ്ങിയ കമ്പനികൾ ഹെെഡ്രജന്റെ സഹായത്തോടെ ഓടുന്ന ഇത്തരം വാഹനങ്ങൾ നിർമ്മിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ശേഷം ഉണ്ടാകാൻ പോകുന്ന വിപ്ലവ മാറ്റം തന്നെയാകും ഇത്. ഹെെഡ്രജൻ കാറുകൾ എന്താണെന്നും ഇന്ത്യയിലെ അതിന്റെ സാധ്യതയെന്താണെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

ഹെെഡ്രജൻ ഫ്യുവൽ 

പ്രപഞ്ചത്തിൽ സാധാരണയായി കാണപ്പെടുന്ന ഘടകങ്ങളിൽ ഒന്നാണ് ഹെെഡ്രജൻ. മറ്റു ഘടകങ്ങളുമായി ചേർന്ന തരത്തിലാണ് ഹെെഡ്രജൻ കാണപ്പെടുന്നത്. ജലം പോലെയുള്ള ഘടകങ്ങളിൽ നിന്നും വേണം ഹെെഡ്രജൻ വേർതിരിച്ച് എടുക്കാൻ. ഇതിനായി വലിയ രീതിയിലുള്ള ഊർജ്ജം അത്യാവശ്യമായി വരുന്നു.  ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ  ഗ്രേ ഹൈഡ്രജൻ എന്ന് വിളിക്കുന്നു. കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്ന്  ഉത്പാദിപ്പിക്കുമ്പോൾ അതിനെ ബ്ലൂ ഹൈഡ്രജൻ എന്ന് വിളിക്കുന്നു. സൗരോർജ്ജം, കാറ്റ്, ജിയോതെർമൽ തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന്  ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ ഗ്രീൻ ഹൈഡ്രജൻ എന്ന് വിളിക്കുന്നു.

ഗ്രീൻ ഹെെഡ്രജനിൽ  നിന്നുമാണ് ഹെെഡ്രജൻ വാഹനങ്ങൾ നിർമ്മിക്കുക എന്ന ആശയം ഉണ്ടായത്. ഗ്രീൻ ഹെെഡ്രജൻ എന്നത് ശുദ്ധമായി കത്തുന്ന ഒന്നാണ്. ഗതാഗത മേഖലയിലൂടെ പുറം തള്ളുന്ന കാൺബണിന്റെ സാന്നിധ്യം കുറയ്ക്കാൻ ഇത് സഹായിക്കും.

ഹെെഡ്രജൻ ഫ്യുവൽ എങ്ങനെ പ്രവർത്തിക്കുന്നു? 


ഹെെഡ്രജനെന്നാൽ സൗരോർജ്ജം, കാറ്റ് എന്നിവ പോലെ ഒരു ഊർജ്ജ സ്രോതസല്ല. മറിച്ച് ഒരു ഊർജ്ജ വാഹിനിയാണ്. വാഹനങ്ങൾക്ക് പവർ നൽകുന്നതിനായി ഫ്യുവൽ സെൽ സ്റ്റാക്ക് എന്ന ഉപകരണം വഴി ഹെെഡ്രജൻ ഫ്യുവൽ വെെദ്യുതിയാക്കി മാറ്റും. ഓക്സിഡൈസിംഗ് ഏജന്റുകൾ ഉപയോഗിച്ച് ഒരു ഫ്യുവൽ സെൽ കെമിക്കൽ ഊർജ്ജത്തെ വെെദ്യുതി ഊർജ്ജമാക്കി മാറ്റും. ഫ്യുവൽ സെൽ അധിഷ്ഠിത വാഹനങ്ങൾ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചു കൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും വാഹനങ്ങളിലെ ഇലക്ട്രിക് മോട്ടോറിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനാൽ ഹെെഡ്രജൻ വാഹനങ്ങൾ എല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങളാണെന്ന് നമുക്ക് പറയാൻ കഴിയും.

ഈ വൈദ്യുത-രാസപ്രവർത്തനം പെട്രോളിനേക്കാൾ  കൂടുതൽ കാര്യക്ഷമവും  ശുദ്ധവുമാണ്.  ഹെെഡ്രജൻ ഫ്യുവലിന്റെ സഹായത്തോടെ ഓടുന്ന വാഹനങ്ങൾ കാർബൺ പുറംതള്ളില്ല.

ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങളായ  ടൊയോട്ട മിറായ്, ഹോണ്ട ക്ലാരിറ്റി, ഹ്യുണ്ടായ് നെക്സോ എന്നിവ ഓൺ-ബോർഡ് ഇലക്ട്രിക് മോട്ടോർ പവർ ചെയ്യുന്നതിനായി  ഹൈഡ്രജൻ വാതകം ഉപയോഗിക്കുന്നു. മറ്റു ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ മികച്ചതാണ്. ഇന്ധം നിറയ്ക്കുന്നതിനായി  ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 5 മിനിറ്റ് മാത്രം മതിയാകും. എന്നാൽ ടെസ്ല ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യുന്നതിന് ഒരു മണിക്കൂർ വരെ സമയമെടുത്തേക്കും.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളേക്കാൾ  യൂണിറ്റ് വോളിയത്തിന് അഞ്ചിരട്ടി മികച്ച ഊർജ്ജ സംഭരണവും ഭാരവും ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നു. ഇതിനാൽ തന്നെ ഇത്തരം കാറുകൾക്ക് ഭാവിയിൽ ആവശ്യകത വർദ്ധിച്ചേക്കും.

വെല്ലുവിളികൾ 

ഹെെഡ്രോ പവർ വാഹനങ്ങളുടെ സാങ്കേതികവിദ്യ ഇപ്പോഴും വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് പൂർത്തീകരിച്ചിട്ടില്ല. നിലവിൽ ഹോണ്ട, ടൊയോട്ട, ഹ്യുണ്ടായ് എന്നിവ മാത്രമാണ് ഹെെഡ്രോ ഫ്യുവൽ  രംഗത്തേക്ക് കടന്നിട്ടുള്ളത്. എങ്കിലും അവർ പരിമിതമായ ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രമാണ് ഇതുവരെ നിരത്തിലിറക്കിയിട്ടുള്ളത്. 2020 അവസാനത്തോടെ 25,000 ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ മാത്രമാണ് ആഗോളതലത്തിൽ ഈ കമ്പനികൾ വിറ്റഴിച്ചത്. അതേസമയം 8 മില്ല്യൺ ഇലക്ട്രിക് വാഹനങ്ങളാണ് ഈ കാലയളവിൽ വിറ്റഴിച്ചിട്ടുള്ളത്. ആവശ്യത്തിനുള്ള ഫ്യുവൽ സ്റ്റേഷനുകൾ ഇല്ലാത്തതാണ് ഫ്യുവൽ സെൽ ഇലക്ട്രിക് വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിലവിൽ 500ൽ താഴെ മാത്രം ഹെെഡ്രജൻ ഫ്യുവൽ സ്റ്റേഷനുകളാണ് ലോകത്ത് ഉള്ളത്. ഇതിൽ ഏറെയും യൂറോപ്പ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ്.


ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ  നേരിടുന്ന മറ്റൊരു പ്രശ്നം സുരക്ഷയാണ്.  ഒരു ക്രയോജനിക് ടാങ്കിൽ സമ്മർദ്ദം ചെലുത്തിയാണ്
ഇത്തരം വാഹനങ്ങളിൽ  ഹൈഡ്രജൻ സൂക്ഷിക്കുന്നത്. വളരെ കുറഞ്ഞ താപനിലയിൽ വേണം ഇതിൽ  ഹൈഡ്രജൻ സൂക്ഷിക്കാൻ. ഹൈഡ്രജൻ ഒരു താഴ്ന്ന മർദ്ദമുള്ള സെല്ലിലേക്ക് നൽകുകയും വൈദ്യുത- രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിനാൽ തന്നെ രാസപ്രവർത്തനങ്ങൾ കാരണം സ്ഫോടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതേസമയം ഹൈഡ്രജൻ ഇന്ധന ടാങ്കുകളുടെ സുരക്ഷയും വിശ്വാസ്യതയും സാധാരണ സി‌എൻ‌ജി എഞ്ചിനുകൾക്ക് സമാനമാണെന്ന് ഹ്യൂണ്ടായും ടൊയോട്ടയും പ്രസ്താവിച്ചു.

ദേശീയ ഹൈഡ്രജൻ എനർജി മിഷൻ

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ദേശീയ ഹെെഡ്രജൻ മിഷൻ നടപ്പാക്കുന്നത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. പുനർ നിർമ്മാണ ഊർജ്ജ പദ്ധതിയുടെ ഭാഗമായി 1500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ അനുവദിച്ചത്. ഇത് രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കും. പ്രധാനമായും ഗ്രീൻ എനർജിയെ ലക്ഷ്യം വച്ചു കൊണ്ടാണ് രാജ്യത്തെ  പുനരുപയോഗ ഊർജ്ജ മേഖലയിൽ സർക്കാർ പ്രതീക്ഷ അർപ്പിക്കുന്നത്. ഈ മുന്നേറ്റം കെമിക്കൽ, സ്റ്റീൽ, ഗതാഗത വ്യവസായങ്ങൾക്ക് നിർണായക നേട്ടം  നൽകും.

ഹൈഡ്രജൻ മിശ്രിത കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ (എച്ച്-സിഎൻജി) ബസുകൾ ഓടിക്കുന്ന ആദ്യത്തെ ഇന്ത്യൻ നഗരമെന്ന പദവി കഴിഞ്ഞ വർഷം ഡൽഹി സ്വന്തമാക്കിയിരുന്നു. ലേയിലും ഡൽഹിയിലുമായി  10 ഹൈഡ്രജൻ ഫ്യുവൽ സെൽ ഇലക്ട്രിക് ബസുകളും  ഹൈഡ്രജൻ ഫ്യുവൽ   സെൽ ഇലക്ട്രിക് കാറുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് എൻ‌ടി‌പി‌സി ലിമിറ്റഡ്  നടത്തിവരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഹരിയാനയിലെ ഫരീദാബാദിലെ റിസർച്ച് ആന്റ് ഡവലപ്മെന്റ് കേന്ദ്രത്തിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഗ്രീൻ ഹെെഡ്രജൻ നിർമ്മാണത്തിന്റെ ചെലവ് ചുരുക്കുന്നതിനായി എന്തെങ്കിലും മാർഗം കണ്ടെത്തണം എന്നതാണ് വസ്തുത. 

നിഗമനം

ഇലക്ട്രിക് വാഹനങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾക്ക് സാധിക്കുമെന്നും ഇത് ഓട്ടോ മൊബെെൽ മേഖല കീഴടക്കുമെന്നും വിദഗ്ധർ പറയുന്നു. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ധനം നിറയ്ക്കാൻ  ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾക്ക് സാധിക്കുമെന്നതാണ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്നും ഇവയെ മികച്ചതാക്കുന്നത്. ആഗോള വാഹന നിർമ്മാതാക്കളായ Mercedes-Benz, GMC, BMW എന്നിവർ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒപ്പം ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങളുടെ  നിർമ്മാണ പ്രവർത്തനങ്ങളിലും ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.


വരും കാലങ്ങളിൽ ഇന്ത്യൻ റോഡുകളിലൂടെയും ഹെെഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങൾ കുതിച്ചുപായുന്നത് നമുക്ക് കാണാനാകും. എന്നാൽ ഇത് യാഥാർത്ഥ്യമാകാൻ ഇനിയും കാലതാമസം ഉണ്ടായേക്കാം. കൂടുതൽ  ഹെെഡ്രജൻ ഫ്യുവൽ സ്റ്റേഷനുകൾ സ്ഥാപിക്കുവാനായി  സർക്കാരും ഓട്ടോ നിർമ്മാണ കമ്പനികളും ഒരുമിച്ച നീങ്ങിയേക്കും. ഇത് മറ്റു കമ്പനികളെ കുറഞ്ഞ നിരക്കിൽ ഹെെഡ്രജൻ ഫ്യുവൽ വാഹനങ്ങൾ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കും.  ഹെെഡ്രജൻ ഫ്യുവൽ സെല്ലിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് മതിയായ നടപടി ആവശ്യമാണെന്നതും പ്രധാനമാണ്.

വാഹനങ്ങളിൽ നിന്നും പുറംതള്ളുന്ന കാർബണെ പൂർണമായും തുടച്ചു നീക്കാൻ സർക്കാർ മുന്നിലേക്ക് വയ്ക്കുന്ന നടപടികൾ എന്തെല്ലാമെന്ന് കണ്ട് തന്നെ അറിയാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023