Adani Wilmar Ltd IPO: അറിയേണ്ടതെല്ലാം

Home
editorial
adani-wilmar-ltd-ipo-all-you-need-to-know
undefined

അദാനി വിൽമർ ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പാചക എണ്ണകൾ അവതരിപ്പിക്കുന്ന “ഫോർച്യൂൺ” ബ്രാൻഡിന് പിന്നിലെ കമ്പനിയാണ് ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുന്ന അദാനി വിൽമർ. ഇന്ന് ആരംഭിച്ച കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്. 

Adani Wilmar Ltd

അടുക്കളയിൽ ആവശ്യമായ സാധനങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഒരു എഫ്.എം.സി.ജി കമ്പനിയാണ് അദാനി വിൽമർ ലിമിറ്റഡ്.  അദാനി ഗ്രൂപ്പിന്റെയും വിൽമർ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് 1999-ൽ ഇത് ആരംഭിക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലായി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു:

  1. Edible oils: പാചക എണ്ണകളായ സോയ ഓയിൽ, പാമോയിൽ, സൂര്യകാന്തി എണ്ണ, പരുത്തി എണ്ണ, കടുകെണ്ണ, അരി തവിട് എണ്ണ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളാണ്.

  2. Packaged food and FMCG products: ഈ വിഭാഗത്തിൽ ഗോതമ്പ് മാവ്, ബസ്മതി അരി, സോയ നഗ്ഗറ്റുകൾ, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു.
  3. Industry essentials: എണ്ണമയമില്ലാത്ത കേക്കുകൾ, ഒലിയോകെമിക്കൽസ്, കാസ്റ്റർ ഓയിൽ & ഡെറിവേറ്റീവ്സ് എന്നിവ ഇതിൽ ഉൾപ്പെടും. 

കമ്പനിക്ക്  മികച്ച അടിസ്ഥാന സൗകര്യങ്ങളും ശക്തമായ നിർമ്മാണ ശേഷിയുമുണ്ട്.  10 ക്രഷിംഗ് യൂണിറ്റുകളും 19 റിഫൈനറികളും ഉൾപ്പെടെ ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായി 22 പ്ലാന്റുകളാണ് കമ്പനി പ്രവർത്തിപ്പിച്ച് വരുന്നത്.  മുന്ദ്രയിലെ കമ്പനിയുടെ റിഫൈനറി, പ്രതിദിനം 5,000 ദശലക്ഷം ടൺ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ  ഏക ലൊക്കേഷൻ റിഫൈനറികളിൽ ഒന്നാണ്. 2021 സെപ്‌റ്റംബർ 30 വരെ, കമ്പനിക്ക് ഇന്ത്യയിൽ 88 ഡിപ്പോകളുണ്ട്, മൊത്തം സംഭരണ ​​സ്ഥലം എന്നത് 1.8 ദശലക്ഷം ചതുരശ്ര അടിയായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയിലെ എല്ലാ ബ്രാൻഡഡ് ഭക്ഷ്യ എണ്ണ കമ്പനികളേക്കാളും ഏറ്റവും വലിയ വിതരണ ശൃംഖല തങ്ങൾക്ക് ഉണ്ടെന്ന് അദാനി വിൽമർ അവകാശപ്പെടുന്നു.  8 സംസ്ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും 5,590 വിതരണക്കാരാണ് കമ്പനിക്കുള്ളത്.  രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം 16 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ഐപിഒ എങ്ങനെ

ജനുവരി 27ന് ആരംഭിച്ച ഐപിഒ  ജനുവരി 31ന്  അവസാനിക്കും. ഓഹരി ഒന്നിന് 218-230  രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

3,600 കോടി രൂപ വിലമതിക്കുന്ന  15.65 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക.  ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 65 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,950 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 845 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഈ കാര്യങ്ങൾക്കായി ഉപയോഗിക്കും:

  • നിലവിലുള്ള നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള മൂലധന ചെലവിനായി 1,900 കോടി രൂപ മാറ്റിവയ്ക്കും.

  • വായ്പയുടെ തിരിച്ച് അടയ്ക്കാനായി 1,058.9 കോടി രൂപ മാറ്റിവയ്ക്കും.

  • ഏറ്റെടുക്കലുകൾക്കും നിക്ഷേപങ്ങൾക്കുമായി 450 കോടി രൂപ ഉപയോഗിക്കും.

  • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി 191.1 കോടി രൂപ ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 87.92 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

*March 31, 2019 (FY19)March 31, 2020 (FY20)March 31, 2021 (FY21)
Total Assets11,60311,785.9113,326.63
Total Income28,92029,766.9837,195.65
Profit After Tax375.52460.87727.64
(Values in Rs crore)

അദാനി വിൽമർ ലിമിറ്റഡ് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലും വരുമാനത്തിലും അറ്റാദായത്തിലും സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തി. 2021 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനം 13.5 ശതമാനം വർദ്ധിച്ച് 37090 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ ഇബിഐടിഡിഎ 8.2 ശതമാനം സിഎജിആർ വളർച്ച കെെവരിച്ച് 1325 കോടി രൂപയായി. 2021 സാമ്പത്തിക വർഷം കമ്പനിയുടെ വരുമാനത്തിന്റെ ഏതാണ്ട് 73 ശതമാനവും പാചക എണ്ണ, പാക്ക് ചെയ്ത ഭക്ഷണം, എഫ്എംസിജി വിൽപ്പന എന്നിവയിൽ നിന്നാണ് ലഭിച്ചത്.

സെപ്റ്റംബർ 30ന് അവസാനിച്ച കമ്പനിയുടെ ആറ് മാസത്തെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം എന്നത് 53.65 ശതമാനം വർദ്ധിച്ച് 24874.51 കോടി രൂപയായി കാണപ്പെടുന്നു. ഇതേകാലയളവിൽ അറ്റാദായം 23.6 ശതമാനം വർദ്ധിച്ച് 357.13 കോടി രൂപയായി.

അപകട സാധ്യതകൾ

  • ശുദ്ധീകരിക്കാത്ത പാമോയിൽ, സോയാബീൻ ഓയിൽ, ഗോതമ്പ്, നെല്ല് എന്നിവയുടെ വലിയ അളവിലുള്ള അസംസ്കൃത വസ്തുക്കളെ ആശ്രയിച്ചാണ് കമ്പനി മുന്നോട്ട് പോകുന്നത്. പ്രതികൂലമായ പ്രാദേശികവും ആഗോളവുമായ കാലാവസ്ഥാ രീതികൾ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചേക്കാം. 
  • വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ കമ്പനിയുടെ ബിസിനസ്സിലും സാമ്പത്തിക സ്ഥിതിയിലും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കാം.

  • വരുമാനത്തിന്റെ പ്രധാന ഭാഗവും (~82%) അതിന്റെ ഭക്ഷ്യ എണ്ണ ബിസിനസ്സ് വിഭാഗത്തിൽ നിന്നാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇതിനുള്ള ആവശ്യകത കുറഞ്ഞാൽ അത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാം.

  • മറ്റ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയേക്കാവുന്ന ഇറക്കുമതി നിയന്ത്രണങ്ങൾ കമ്പനിയുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കാം.

  • അസംസ്കൃത വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും തെറ്റായ കൈകാര്യം ചെയ്യൽ, സംസ്കരണം,  സംഭരണം അല്ലെങ്കിൽ ഉൽപ്പന്നങ്ങളുടെ ഏതെങ്കിലും കേടുപാടുകൾ/മലിനീകരണം എന്നീ പ്രശ്നങ്ങൾ കമ്പനിയെ നിയമപരമായ നടപടികളിലേക്ക് കൊണ്ടുപോയേക്കാം.

  • അദാനി ഗ്രൂപ്പിനുള്ളിലെ ചില കമ്പനികൾ അതിന്റെ പ്രൊമോട്ടർമാർ ഉൾപ്പെടെ നിയമ നടപടികളിൽ ഏർപ്പെട്ടിട്ടുണ്ട്.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

IPO DateJanuary 27, 2021 – January 31, 2021
Issue TypeBook Built Issue IPO
Face ValueRs 1 per equity share
IPO PriceRs 218 to Rs 230 per share
Lot Size65 shares (1 lot)
Issue SizeAggregating up to Rs 3,600 crore
Fresh Issue (goes to the company)Aggregating up to Rs 3,600 crore
Listing AtBSE, NSE

BNP Paribas, BofA സെക്യൂരിറ്റീസ് ഇന്ത്യ, ക്രെഡിറ്റ് Suisse സെക്യൂരിറ്റീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ICICI സെക്യൂരിറ്റീസ്, J.P. മോർഗൻ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

ഐപിഒയ്ക്ക് മുമ്പായി വിവിധ നിക്ഷേകരിൽ നിന്നായി കമ്പനി 940 കോടി രൂപയുടെ സമാഹരണം നടത്തിയിരുന്നു. സിംഗപ്പൂർ സർക്കാർ, ജൂപ്പിറ്റർ ഇന്ത്യ ഫണ്ട്, സൊസൈറ്റി ജനറൽ, വോൾറാഡോ വെഞ്ച്വർ പാർട്ണർ ഫണ്ട് എന്നിവർ ഇതിൽ ഉൾപ്പെടും. എച്ച്.ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, നിപ്പോൺ ലൈഫ് ഇന്ത്യ ട്രസ്റ്റി, സൺ ലൈഫ് എക്സൽ ഇന്ത്യ ഫണ്ട് എന്നിവരും ഇതിൽ ഉൾപ്പെടും.

നിഗമനം

വിപണിയിലെ മുൻനിര ബ്രാൻഡുകൾക്കൊപ്പം വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ ഉത്പ്പന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് കൊണ്ട് ഇന്ത്യയിലുടനീളമുള്ള അടുക്കള ഉത്പന്നങ്ങളുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനാണ് അദാനി വിൽമർ ലക്ഷ്യമിടുന്നത്. ശക്തമായ ബ്രാൻഡ് മൂല്യവും അസംസ്‌കൃത വസ്തുക്കളുടെ സോഴ്‌സിംഗ് കഴിവുകളും കമ്പനിയുടെ ഭാവി വളർച്ചയെ ഉയർത്തും. ഗോതമ്പ് മാവ്, അരി, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് സെഗ്‌മെന്റുകൾ തുടങ്ങിയ ഫുഡ് സ്റ്റേപ്പിൾസ് ബിസിനസിൽ നിർമ്മാണ യൂണിറ്റുകളോ ബ്രാൻഡുകളോ സ്വന്തമാക്കാൻ കമ്പനി ശ്രമിക്കുന്നു. വരുമാന സ്ട്രീമുകൾ വൈവിധ്യവത്കരിക്കുന്നതിനും ഉയർന്ന മാർജിൻ സൃഷ്ടിക്കുന്നതിനുമായി കമ്പനി മൂല്യവർധിത ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, മാരികോ, പതഞ്ജലി ആയുർവേദ് എന്നിവരുമായി കമ്പനി നേരിട്ട് മത്സരിക്കും.

അദാനി വിൽമറിന്റെ ഓഹരി ഗ്രേ മാർക്കറ്റിൽ 45-50 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡ് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക.  കമ്പനിയുടെ അപകട സാധ്യതകൾ പരിഗണിച്ച് കൊണ്ട് സ്വയം നിഗമനത്തിലെത്തുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023